എം പിമാർ നിയമസഭയിലേക്ക് മത്സരിക്കരുത്, വേണേൽ ഞാൻ മത്സരിക്കാം; മന്ത്രിമോഹവുമായി വട്ടിയൂർക്കാവിൽ കെ മുരളീധരൻ, തോൽപ്പിക്കാൻ ഉറച്ച് ബിജെപിയും

വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ താത്പര്യമുണ്ടെന്ന് പറയുകയാണ് കെ മുരളീധരൻ. കുടുംബം പോലെയുള്ള ആ മണ്ഡലത്തിൽ താൻ സജീവമാണെന്നും, നേതൃത്വമാണ് ഇനി തീരുമാനം എടുക്കേണ്ടതെന്നും കെ മുരളീധരൻ പറഞ്ഞു. ജില്ല വിട്ടുപോയി മത്സരിക്കാൻ താല്പര്യമില്ലെന്നും, ഇത്തവണ വട്ടിയൂർക്കാവ് തിരിച്ചുപിടിക്കാൻ തനിക്ക് കഴിയുമെന്നും കെ മുരളീധരൻ അറിയിച്ചു.
തനിക്ക് നിയമസഭയിലേക്ക് മത്സരിക്കാൻ താൽപ്പര്യമുണ്ടെന്നും, എന്നാൽ കോൺഗ്രസ്സിലെ എം പി മാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും ആണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്. ഏതെങ്കിലും മണ്ഡലം പിടിക്കാൻ അനിവാര്യമെങ്കിൽ മാത്രം എം പി മാർ മത്സരത്തിനിറങ്ങണം. അല്ലാത്തപക്ഷം അവരുടെ കാലാവധി ആയ അഞ്ച് വർഷം പൂർത്തിയാക്കണമെന്നും കെ മുരളീധരൻ പറഞ്ഞു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് എംപിമാര്‍ കളത്തിലിറങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. അതറിഞ്ഞ് തന്നെയാണ് മുരളീധരൻ ഇത്തരം പ്രസ്താവന നടത്തിയതും. നിലവിൽ പല എംപിമാരും അവരുടെ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കണ്ണൂരില്‍ നിന്നും മത്സരിക്കാൻ കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന് തയ്യാറെടുക്കുന്നു എന്നാണ് വിവരം.
അതേപോലെ പാലക്കാട് മത്സരിക്കാന്‍ ഷാഫി പറമ്പില്‍, ആറന്മുളയില് ആന്റോ ആന്റണി, അടൂരില്‍ കൊടിക്കുന്നില്‍ സുരേഷ്, കോന്നിയില്‍ അടൂര്‍ പ്രകാശ്, തിരുവനന്തപുരത്ത് ശശി തരൂര്‍ എന്നിവർക്കും താല്പര്യമുണ്ടെന്നാണ് വിവരം. എംപിമാര്‍ മത്സരസന്നദ്ധത എഐസിസിയെ അറിയിച്ചതായാണ് സൂചന. ഇത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാർട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലില്‍ കൂടി ചില മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തിലായിരുന്നു ഷാഫി പറമ്പില്‍ പാലക്കാട് വിട്ട് വടകരയിലേക്കെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും പാലക്കാട് മത്സരിക്കാന്‍ ഷാഫി നേതൃത്വത്തെ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. പാലക്കാട് ഷാഫി മത്സരിക്കുകയാണെങ്കില്‍ സിറ്റിംഗ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് മറ്റൊരു സുരക്ഷിതമണ്ഡലം പാര്‍ട്ടി കണ്ടെത്തേണ്ടി വരും.
ആറന്മുളയില് ആന്റോ ആന്റണിക്ക് മത്സരിക്കാന്‍ താല്പര്യമുണ്ടെന്നാണ് സൂചന. കെപിസിസി അധ്യക്ഷ പദവിയിലേക്ക് ആന്റോ ആന്റണിയുടെ പേര് അവസാനഘട്ടം വരെ ഉണ്ടായിരുന്നെങ്കിലും ഒടുക്കം സണ്ണി ജോസഫിനാണ് നറുക്ക് വീണത്. അന്ന് ആന്റോ ആന്റണിക്ക് വേണ്ട പരിഗണന നല്‍കുമെന്ന് എഐസിസി പറഞ്ഞിരുന്നു. ഈ ആനുകൂല്യം ആന്റോ ആന്റണി നിയമസഭാ ഇലക്ഷനിൽ ഉപയോഗപ്പെടുത്താനാണ് സാധ്യത. അതേപോലെ തന്നെയാണ് കോന്നിയില്‍ അടൂര്‍ പ്രകാശ്, അടൂരിൽ കൊടിക്കുന്നിൽ സുരേഷ്, ത്. തിരുവനന്തപുരം സെന്‍ട്രലില്‍ ശശി തരൂർ എന്നിവരുടെയും അവസ്ഥ.
ഇതിലെ ഒരു പ്രധാന വസ്തുത, കേരളത്തിൽ കോൺഗ്രസ്സ് ഭരണം പിടിക്കുമെന്ന മുൻവിധിയാണ്. ഈ പറഞ്ഞ നേതാക്കളെല്ലാം വിജയിച്ചാൽ മന്ത്രിമാരാണ് എന്നതും ഉറപ്പാണ്. എംപി മാർ നിയമസഭയിലേക്ക് വരുന്നതും അതെ കാരണം കൊണ്ടാകാം. കേന്ദ്രത്തിൽ ഭരണത്തിലേക്കെത്താൻ ഒരു വഴിയും സമീപ കാലത്തെങ്ങും കാണുന്നില്ല. ഇവിടെ കേരളത്തിൽ ഭരണം പിടിച്ച്, മന്ത്രിയായിരിക്കാൻ തന്നെയാണ് ഇവരുടെയെല്ലാം ആഗ്രഹം.
ഇത്രയും പ്രമുഖ നേതാക്കളായ എംപിമാർ മത്സരിച്ച് ജയിച്ചാൽ, മന്ത്രിസ്ഥാനത്തിന് ഉണ്ടാകുന്ന പിടിവലി ഓർത്താണ് അവരൊന്നും മത്സരിക്കാൻ വരരുത് എന്ന് മുരളീധരൻ പറയുന്നത്. എന്നാൽ വട്ടിയൂർക്കാവിൽ മുരളീധരന് കാര്യങ്ങൾ ഒരിക്കലും എളുപ്പമാവില്ല. അവിടെ വി കെ പ്രശാന്ത് ഏറെ ജനസമ്മതിയുള്ള എംഎൽഎ ആണ്. കോൺഗ്രസ്സ് അനുഭാവികളുടെ വോട്ട് പോലും കിട്ടുന്ന ഒരു നേതാവാണ് വി കെ പ്രശാന്ത്.
മുരളീധരൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ബിജെപിയുടെ നിലപാടാണ്. എന്ത് വിലകൊടുത്തും മുരളീധരനെ തോൽപ്പിക്കാനാണ് ബിജെപിയിലെ ചിലരുടെ നീക്കം. അകെ ഉണ്ടായിരുന്ന നേമം സീറ്റ് നഷ്ടപ്പെടാൻ കാരണമായ മുരളീധരനെ, വരുന്ന ഇലക്ഷനിൽ മത്സരിക്കാതെ മാറിനിന്ന് തോൽപ്പിക്കാൻ വരെ ബിജെപി തയ്യാറായേക്കും.
കെ മുരളീധരൻറെ ലക്ഷ്യം ഒരു മന്ത്രി പദവി മാത്രമാണ്. ഇലക്ഷനിൽ മത്സരിച്ച് തോൽക്കുമ്പോൾ എല്ലാം പാർലമെൻററി ജനാധിപത്യം അവസാനിപ്പിക്കുകയും, അടുത്ത ഇലക്ഷൻ വരുമ്പോൾ വീണ്ടും മത്സരിക്കാൻ തയ്യാറായി ആദ്യം രംഗത്ത് വരികയും ചെയ്യുന്ന ഒരു പ്രത്യേകതരം രാഷ്ട്രീയക്കാരനാണ് മുരളീധരൻ. ഇനി വരുന്ന നിയമസഭാ ഇലക്ഷനിൽ തൊട്ടാൽ അദ്ദേഹം വീണ്ടും പാർലമെന്ററി രാഷ്ട്രീയം ഉപേക്ഷിക്കും. പിന്നീട് തല പൊക്കുന്നത് 2029 ൽ നടക്കുന്ന ലോക്സഭാ ഇലക്ഷന്റെ സമയത്തായിരിക്കും.