അനന്തരവൻ ആകാശിനെ പിൻഗാമിയായി പ്രഖ്യാപിച്ച് മായാവതി
ബഹുജൻ സമാജ് പാര്‍ട്ടി നേതാവ് മായാവതി തന്റെ പിൻഗാമിയായി അനന്തരവൻ ആകാശ് ആനന്ദിനെ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും ഒഴികെയുള്ള സംസ്ഥാനങ്ങളുടെ ചുമതല ആകാശിനായിരിക്കും. ഈ രണ്ട് സംസ്ഥാനങ്ങളില്‍ ചുമതല മായാവതിക്ക് തന്നെ ആയിരിക്കും.
ലഖ്നൗവിലെ ബി.എസ്.പിയുടെ സംസ്ഥാന ഓഫിസില്‍ ഞായറാഴ്ച മായാവതിയുടെ നേതൃത്വത്തില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലായിരുന്നു പ്രഖ്യാപനം. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവയുള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ അടുത്തിടെ സമാപിച്ച നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പ്രകടനം വിശകലനം ചെയ്യും. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ കുറിച്ചും ചര്‍ച്ചകളുണ്ടായി.
ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിഎസ്പിയുടെ താരപ്രചാരകരുടെ പട്ടികയില്‍ മായാവതിയുടെ പിൻഗാമിയാകുമെന്ന് ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്ന ആകാശ് ആനന്ദിന്റെ പേരുണ്ടായിരുന്നു. ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടി കേഡറിനെ സജ്ജരാക്കുന്നതിനും പാര്‍ട്ടി സംഘടന പുനഃസംഘടിപ്പിക്കുന്നതിനുമുള്ള ചുമതലയും ആകാശ് ആനന്ദിനെ ഏല്‍പ്പിച്ചിട്ടുണ്ട്. സമാജ്വാദി പാര്‍ട്ടിയുമായുള്ള സഖ്യം ഉപേക്ഷിച്ച് മായാവതി 2019ല്‍ പാര്‍ട്ടി സംഘടന പുനഃക്രമീകരിച്ചതോടെയാണ് ആകാശ് ബി.എസ്.പിയുടെ ദേശീയ കോ ഓര്‍ഡിനേറ്ററായത്.
2016ലാണ് ആകാശ് ബി.എസ്.പിയില്‍ ചേര്‍ന്നത്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരകനായിരുന്നു.