എന്നെയോ പിണറായി വിജയനെയോ സ്റ്റാലിനെയോ ജയിലിലടച്ചേക്കാം: കേജരിവാള്‍
വിചാരണ കൂടാതെ ആരെയും പിടിച്ചു ജയിലിലിടാൻ പ്രതിപക്ഷ സർക്കാരുകള്‍ക്കെതിരേ ഇഡിയെ ഉപയോഗിക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍.
നാളെ തന്നെയോ പിണറായി വിജയനെയോ സ്റ്റാലിനെയോ പിടിച്ച് ജയിലിലടച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡല്‍ഹിയില്‍ കേന്ദ്ര അവഗണനയ്ക്കെതിരേ കേരളം നടത്തിയ പ്രതിഷേധ ധർണയില്‍ സംസാരിക്കുകയായിരുന്നു കേജരിവാള്‍.
ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തു, കുറ്റം എന്തെന്ന് ആർക്കും അറിയില്ല. കാലചക്രം തിരിയുകയാണ്, ബിജെപി ഇന്ന് ഇരിക്കുന്നിടത്ത് നാളെ ഞങ്ങള്‍ വരുമെന്നും അഹങ്കരിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
രാജ്യത്തെ 70 കോടി ജനങ്ങളെ പ്രതിപക്ഷ പാർട്ടികളാണ് പ്രതിനിധീകരിക്കുന്നത്. കേന്ദ്രം അവരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഇവരെ ഭാരതത്തിലെ ജനങ്ങള്‍ ആയാണോ കേന്ദ്രം കാണുന്നത്. സംസ്ഥാന വിഹിതം കിട്ടാൻ ചെറിയ കാര്യങ്ങള്‍ക്കും സുപ്രീം കോടതിയില്‍ പോകേണ്ട ഗതികേടാണുള്ളതെന്നും ജന്തർ മന്ദറില്‍ വന്നിരിക്കേണ്ട അവസ്ഥയാണെന്നും കേജരിവാള്‍ പറഞ്ഞു.