പാര്‍ട്ടിക്കകത്തും പ്രതിഷേധം; പാര്‍ഥാ ചാറ്റര്‍ജി പുറത്തായി
പശ്ചിമ ബംഗാളിലെ നിയമനത്തട്ടിപ്പു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരുന്ന പാര്‍ഥാ ചാറ്റര്‍ജിയെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കി. ഇന്നലെ വൈകീട്ട് ചേര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി യോഗത്തിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാര്‍ഥ ചാറ്റര്‍ജി കൈകാര്യം ചെയ്തിരുന്ന വ്യവസായ, വാണിജ്യ, ഐ ടി വകുപ്പുകളുടെ ചുമതല മമത ഏറ്റെടുത്തു. അഴിമതിക്കേസില്‍ ഉള്‍പ്പെട്ട പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നു പ്രതിപക്ഷകക്ഷികള്‍ക്കു പുറമേ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു.ഇത് കൂടി പരിഗണിച്ചാണ് മമത ഇന്നലത്ത പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ തീരുമാനം പ്രഖ്യാപിച്ചത്.
പാര്‍ട്ടി സെക്രട്ടറി ജനറല്‍ കൂടിയായ പാര്‍ഥയെ കഴിഞ്ഞ 23നാണ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത് .പാര്‍ഥയുടെ സഹായിയും നടിയുമായ അര്‍പ്പിത മുഖര്‍ജിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ ബുധനാഴ്ച നടത്തിയ പരിശോധനയില്‍ 27.9 കോടി രൂപയുടെ നോട്ടുകെട്ടുകളും കിലോക്കണക്കിനു സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തതായി ഇ ഡി അറിയിച്ചു. നേരത്തേ ദക്ഷിണ കൊല്‍ക്കത്തയിലെ അര്‍പ്പിതയുടെ ഫ്ലാറ്റില്‍ നിന്ന് 21 കോടി രൂപ പിടികൂടിയിരുന്നു. ഇതുവരെ ഇവരുടെ ആകെ 50 കോടിയോളം രൂപ കണ്ടെടുത്തു.
നഗരത്തിലെ ബെല്‍ഗാരിയ മേഖലയിലെ 2 ഫ്ലാറ്റുകളില്‍ ബുധനാഴ്ചയാണ് ഇ ഡി തെരച്ചില്‍ നടത്തിയത്. ഇവിടെ നിന്ന് ചില നിര്‍ണായക രേഖകളും ലഭിച്ചതായി ഇ ഡി അറിയിച്ചു. പാര്‍ഥയും അര്‍പ്പിതയും ഇ ഡിയുടെ കസ്റ്റഡിയിലാണ്.
ക്രമക്കേടുകളുമായി ബന്ധപ്പെട്ടു ബിജെപിയും സിപിഎമ്മും മമത സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകന്ദ മജൂംദാറിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ റാലി നടന്നു. അഴിമതിക്കേസില്‍ അറസ്റ്റിലായിട്ടും പാര്‍ഥയ്ക്കെതിരെ നടപടിക്കു മമത തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമായതോടെയാണ് മന്ത്രിയെ പുറത്താക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
പാര്‍ഥ ചാറ്റര്‍ജി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണു നിയമനങ്ങളില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നത്. കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സി ബി ഐയാണ് അന്വേഷണം. ക്രമക്കേടുമായി ബന്ധപ്പെട്ട പണമിടപാടുകളാണ് ഇ ഡി അന്വേഷിക്കുന്നത്.
Content Highlights – Partha Chatterjee was removed from the ministry