രാഹുൽ ഗാന്ധിയുടെ ‘വോട്ട് അധികാർ യാത്ര’ ഏഴാം ദിവസത്തിലേക്ക്

ബീഹാർ വോട്ടർ പരിഷ്കരണത്തിനെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്ര ഏഴാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കതിഹാറിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പര്യടനം. ബീഹാറിലൂടെയുള്ള രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രയ്ക്ക് വലിയ ജനപങ്കാളിത്തമാണ് ലഭിക്കുന്നത്.ഓരോ പ്രധാന കേന്ദ്രങ്ങളിലും തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾ.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ഷൻ പ്രക്രിയ അട്ടിമറിച്ചതിന്റെ തെളിവാണ് ബീഹാർ എന്നായിരുന്നു സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം. ബീഹാറിൽ തുടങ്ങിയ പോരാട്ടം രാജ്യവ്യാപക പോരാട്ടം ആകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
യാത്രയുടെ ഭാഗമാകാൻ ഇന്ത്യ സഖ്യ മുഖ്യമന്ത്രിമാരും ഒരുങ്ങുകയാണ്. ഈ മാസം 27ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ യാത്രയിൽ പങ്കെടുക്കും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത റെഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദർ സിംഗ് സുഖു എന്നിവരാണ് പങ്കെടുക്കുന്ന മറ്റു നേതാക്കൾ.