മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള അന്തർധാര ഇല്ലായിരുന്നെങ്കിൽ, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ ഉൾപ്പെടെ ഏഴ് എൻഡിഎ പ്രതിനിധികൾ നിയമസഭയിൽ എത്തുമായിരുന്നുവെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ ഇപ്പോൾ തുറന്നടിച്ചിരിക്കുകയാണ്, ഇരു കൂട്ടരും ഇതുവരെ കേരളത്തിൽ ഒരുമിച്ചു മത്സരിച്ചിട്ടില്ലെന്നു മാത്രമേയുള്ളൂവെന്നും, അന്തർധാര സജീവമാണെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് എന്ന കമ്പനിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്ന് ശോഭ വ്യക്തമാക്കി. എല്ലാം മറനീക്കി പുറത്തുവരുമ്പോൾ ഇവർ ഒന്നടങ്കം ജയിലിൽ പോകുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും പെൺകുട്ടികൾ തെരുവിൽ പൊലീസിന്റെ തല്ലുവാങ്ങുമ്പോൾ വീണയെ രാജകുമാരിയായി വളർത്തി. ആരും മകളെ തൊട്ടുകളിക്കാൻ പാടില്ല. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും സ്വർണക്കടത്തിനു നേതൃത്വം നൽകുകയാണ്. സ്വപ്നയ്ക്ക് ശിക്ഷ നൽകുമ്പോൾ വീണയ്ക്ക് ശിക്ഷയില്ല. വീട്ടിലേക്കുവന്ന വിരുന്നുകാരനായ മരുമകൻ റിയാസിനു മന്ത്രിസ്ഥാനം കൊടുത്തു. എന്നാൽ കഴിവും പ്രാപ്തിയുമുള്ള മാർക്സിസ്റ്റു പാർട്ടിയുടെ നേതാക്കളോട് പറഞ്ഞത് തന്റെ രണ്ടാം മന്ത്രിസഭയിൽ താൻ തീരുമാനിക്കുന്നവർ മതിയെന്നാണ്.’‘കാര്യങ്ങൾ വിശദീകരിക്കാൻ എം.വി. ഗോവിന്ദൻ പത്രസമ്മേളനം വിളിച്ചാലും താൻ പറയാനുദ്ദേശിക്കുന്നതല്ല അദ്ദേഹം പറയുന്നത്. കാരണം, എം.വി.ഗോവിന്ദന്റെ കിളി പോയിരിക്കുകയാണ്. പാർട്ടി സെക്രട്ടറിയുടെ കസേരയിൽ കഴിവുള്ള അനേകം പേർ ഇരുന്നതാണ്. അതിൽനിന്ന് എം.വി.ഗോവിന്ദൻ രാജിവയ്ക്കുന്നതാണു നല്ലത്. ഉള്ളിൽ വേദനയുണ്ടെങ്കിലും പിണറായി വിജയനെതിരെ ഒന്നും പറയാൻ ആർജവമില്ലാത്ത ഗോവിന്ദനാണ് മാർക്സിസ്റ്റു പാർട്ടിയുടെ ഇപ്പോഴത്തെ ശാപം.‘കഴിഞ്ഞ അഞ്ചു മാസമായി പിണറായി വിജയന് ഒരു പത്രസമ്മേളനവുമില്ല. കോവിഡ് കാലത്ത് കെ.കെ.ഷൈലജ മിണ്ടരുതെന്ന് തീരുമാനമെടുത്ത്, എല്ലാ ദിവസവും അരമണിക്കൂർ നേരം ഉള്ളതുമില്ലാത്തതുമൊക്കെ വിളമ്പിയിരുന്ന മുഖ്യമന്ത്രിയുടെ നാവിറങ്ങിപ്പോയോ? പിണറായിക്കെതിരെ ഒരക്ഷരം മിണ്ടാൻ കഴിയാതെ കാനം അടക്കമുള്ള സിപിഐയുടെ നേതാക്കൾ ഇരിക്കുകയാണ്. പിണറായി നെറ്റിചുളിച്ചാൽ കാനം ഭയപ്പെടുന്നതെന്തിനാണ്?’ എന്നും ശോഭ ആഞ്ഞടിച്ചു.
’
സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും അഖിലേന്ത്യാ നേതൃത്വങ്ങൾ തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ ഈ അന്തർധാര പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇവിടെ മാത്രം കോൺഗ്രസും സിപിഎമ്മും ഒന്നായി ചേർന്ന് ഇതുവരെ മത്സരിച്ചിട്ടില്ല എന്നേയുള്ളൂ. എല്ലാ മേഖലകളിലും ഇവർ തമ്മിൽ സൗഹൃദമുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനും അഞ്ച് വർഷം മുൻപ് ഏഴു നിയമസഭാ സീറ്റുകളിൽ ഞാൻ ഉൾപ്പെടെയുള്ള ഏഴു പേരെ രണ്ടാം സ്ഥാനത്താക്കി പരാജയപ്പെടുത്തിയത് ഈ അന്തർധാരയാണ്. അന്ന് ഇരു കൂട്ടരും തമ്മിലുള്ള അന്തർധാര ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ, കേരള നിയമസഭയ്ക്കുള്ളിൽ പല കാര്യങ്ങളും ഉന്നയിക്കാൻ ഞാൻ ഉൾപ്പെടെ എന്റെ ഏഴ് സഹപ്രവർത്തകർക്ക് പോകാൻ സാധിക്കുമായിരുന്നു. കേരളത്തിലെ പാവപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരും ഈ അന്തർധാരയെ പൊളിക്കുന്ന കാലം വരും. ഈ മുഖംമൂടി വച്ചുകൊണ്ട് ഏറെക്കാലം മുന്നോട്ടു പോകാൻ ഈ ഭരണ, പ്രതിപക്ഷത്തിനു കഴിയില്ല എന്നും.’ – ശോഭ സുരേന്ദ്രൻ പറഞ്ഞു.
.
രാത്രികാലങ്ങളിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലു പിടിക്കാൻ പോകുന്നുവെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണത്തിനും ശോഭ മറുപടി നൽകി. പിണറായി വിജയനെ കൊതുകു കടിക്കുന്നുണ്ടോ എന്നു നോക്കി അതു പെറുക്കിക്കൊടുക്കാൻ അദ്ദേഹത്തിന്റെ കാലിനടിയിലാണോ വി.ഡി.സതീശൻ ഉറങ്ങാറുള്ളത്? അങ്ങനെയാണെങ്കിൽ പിണറായിയുടെ കാലു പിടിക്കാൻ സുരേന്ദ്രൻ ചെന്നത് സതീശൻ കണ്ടിട്ടുണ്ടാകും. ഇവിടെ എന്താണ് നടക്കുന്നത് എന്നത് സതീശന് അറിയില്ല. അദ്ദേഹത്തിന് അറിയാമായിരുന്നെങ്കിൽ ഈ ക്യാമറ കേസിൽ കുടുംബക്കാരെ ഒന്നടങ്കം അകത്താക്കാമായിരുന്നല്ലോ. ഈ ഒറ്റക്കാര്യം മതിയായിരുന്നല്ലോ. ചില കേസുകൾ വരുമ്പോൾ ഇഡി വരണമെന്നും, ചില കേസുകൾ അന്വേഷിക്കാൻ സിബിഐ വേണമെന്നും ചില കേസുകൾ വരുന്ന സമയത്ത് ഇതൊന്നും വേണ്ടെന്നുമാണ് ഇവരുടെ നിലപാട്.’ എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു