മുഖ്യമന്ത്രി 100 കോടി വാങ്ങി; ഉത്തരവാദിത്വം ഏറ്റെടുക്കണം- കുഴല്നാടൻ
തോട്ടപ്പള്ളിയിലെ കരിമണല്‍ഖനന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മാത്യു കുഴല്നാടൻ എം.എല്‍.എ. മുഖ്യമന്ത്രി സി.എം.ആർ.എല്‍ കമ്ബനിക്കായി ഇടപെട്ടെന്നും വൻ ലാഭം ഉണ്ടാക്കാൻ കരിമണല്‍ നിസ്സാര വിലയ്ക്ക് നല്‍കിയെന്നും മാത്യു കുഴല്നാടൻ ആരോപിച്ചു.
40,000 കോടി രൂപയുടെ കരിമണല്‍ ഖനനംചെയ്തു. സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടായി. സി.എം.ആർ.എല്‍ ആരോപണങ്ങളില്‍ സർക്കാരിനോ പാർട്ടിക്കോ മറുപടിയില്ല. വ്യവസായ മന്ത്രി മറുപടി പറഞ്ഞത് ഒറ്റവരിയില്‍ മാത്രമാണ്. മുഖ്യമന്ത്രിയാണ് ഇതിനെല്ലാം പിന്നില്‍. മകളെ പൊതുസമക്ഷത്ത് വലിച്ചുകീറാൻ ഇട്ടുകൊടുക്കാതെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ആരോപണങ്ങളില്‍ തുറന്നചർച്ചയ്ക്ക് തയാറാണെന്നും എം.ബി രാജേഷും പി. രാജീവും ചർച്ചയ്ക്ക് തയാറാണോ എന്നും അദ്ദേഹം ചോദിച്ചു. സി.എം.ആർ.എല്‍ 60 ഏക്കർ വാങ്ങിയതില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും റവന്യൂവകുപ്പിന്റെ പരിധിയിലുള്ള കാര്യത്തില്‍ ഭൂപരിധി ചട്ടത്തില്‍ ഇളവ് നല്കാൻ മുഖ്യമന്ത്രി ഇടപെട്ടെന്നും കുഴല്നാടൻ ആരോപിച്ചു.