എല്ലാത്തിനും കാരണം നരേന്ദ്രമോദിയെ വെള്ളം കുടിപ്പിച്ച ആ പഴയ അഭിമുഖം; കരൺ ഥാപ്പറിനും സിദ്ധാർഥ് വരദരാജനും എതിരെ കേസെടുത്ത് അസം പൊലീസ്

കഴിഞ്ഞ ദിവസമാണ് മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജൻ, കരൺഥാപ്പർ എന്നിവർക്കെതിരെ അസം പൊലീസ് കേസെടുത്തത് . രണ്ടുപേർക്കും ഗുവാഹത്തി പൊലീസ് സമൻസ് അയച്ചു. എന്നാൽ ഏത് കേസിലാണ് സമൻസ് അയച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
ഓഗസ്റ്റ് 22ന് ഇരുവരോടും ഹാജരാകാൻ നിർദേശിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്തു. നിലവിലുള്ള അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളറിയാൻ ഇരുവരെയും ചോദ്യം ചെയ്യാനുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കേസിന്റെ കാര്യങ്ങൾ പൊലീസ് വിശദീകരിച്ചിട്ടില്ലെന്ന് പിടിഐ പറയുന്നു. വരദരാജന് ഓഗസ്റ്റ് 14നാണ് നോട്ടിസ് ലഭിച്ചത്. കരൺഥാപ്പറിന് ആഗസ്റ്റ് പതിനെട്ടിനാൻ നോടീസ് ലഭിച്ചത്.
നോട്ടിസിലെ നിർദേശങ്ങൾ അനുസരിക്കാതിരുന്നാൽ അറസ്റ്റ് ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറാണ് സമൻസ് അയച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 152, 196, 197 എന്നിങ്ങനെ നിരവധി വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടത്തിലാക്കുന്ന പ്രവൃത്തികൾക്കെതിരെയാണ് സെക്ഷൻ 152 ചുമത്തുന്നത്. അതു ഈ കേസിൽ ഉൾപ്പെടുന്നുണ്ട്.
സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനും എതിരെ കേസ് എടുത്തതിന്റെ കാരണം നിർഭയമായി ഭരണകൂടത്തെ വിമർശിക്കാൻ കരുത്തുള്ള ആളുകളാണ് ഇവർ എന്നതാണ്. ദി വയർ എന്ന മാധ്യമത്തിലെ ജനപ്രിയ മുഖങ്ങൾ ആണ് രണ്ടുപേരും.
ഇവരെ കുടുക്കാൻ നിരവധി ശ്രമങ്ങൾ നേരത്തെയും നടന്നിട്ടുണ്ട്. അതിനെല്ലാം പ്രധാന കാരണമായത് 2007ൽ സിഎൻഎൻ – ഐബിഎൻ നടത്തിയ ഒരു ഇന്റർവ്യൂ ആണ്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുമായി കരൺ ഥാപ്പർ നടത്തിയ ആ അഭിമുഖം മൂന്ന് മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. പക്ഷെ പതിനെട്ട് വർഷമായിട്ടും അതിന്റെ ആഘാതത്തിൽ നിന്ന് ബിജെപി മോചിതരായിട്ടില്ല.
ഗോധ്ര സംഭവത്തിൽ മാപ്പു പറഞ്ഞ് ആ പ്രതിച്ഛായയിൽനിന്ന് പുറത്തുവരണമെന്ന് കരൺ ഥാപ്പർ മോദിയോട് പറഞ്ഞു. മുഖ്യമന്ത്രിയായി പ്രവർത്തിക്കുന്നതിന് താങ്കൾക്കുമുന്നിൽ ഈ വിഷയം തടസ്സമായി നിൽക്കുന്നുണ്ടെങ്കിൽ, അതിൽനിന്ന് എത്രയും വേഗം താങ്കൾ പുറത്തു വരണമെന്ന് പറഞ്ഞു. അതോടെ ‘‘എനിക്ക് വിശ്രമിക്കണമെന്നും വെള്ളം വേണമെന്നും’’ പറഞ്ഞ് മോഡി അഭിമുഖം അവസാനിപ്പിച്ചു.
അഭിമുഖം രണ്ട് മിനിറ്റ് നാല്പത്തിയഞ്ച് സെക്കൻഡ് പിന്നിട്ടപ്പോളാണ് ചോദ്യങ്ങൾ നേരിടാൻ കഴിയാതെ നരേന്ദ്രമോദി എഴുന്നേറ്റത്. എന്നാൽ മോദി ഉടൻ മടങ്ങിയില്ല. ഒരുമണിക്കൂറോളം കരൺ താപ്പറിനോട് മോദി കുശലംപറഞ്ഞു. ചായയും മധുരവും ഗുജറാത്തി ദോക്ലയും കഴിച്ചു. എന്നാൽ ആ അഭിമുഖം പൂർത്തിയാക്കണമെന്ന കരണിന്റെ അഭ്യർഥന അംഗീകരിച്ചില്ല. പകരം, നമ്മുടെ സൗഹൃദം നിലനിൽക്കട്ടെ എന്ന് മറുപടി നൽകി, ആ കൂടിക്കാഴ്ച അവസാനിപ്പിച്ചു. പിന്നീട് ഒരു അഭിമുഖത്തിനായി മോദി കരൺ താപ്പറിനു മുന്നിൽ ഇരുന്നിട്ടില്ല.
ഈ വീഡിയോ സി.എൻ.എൻ.-ഐ.ബി.എൻ. വൈറലാക്കി മാറ്റി. എല്ലാ ബുള്ളറ്റിനിലും ഇത് ഉപയോഗിച്ചു. അതോടെ അഭിമുഖം വലിയ വാർത്തയായി. മോദി പിന്നീട് കരൺ ഥാപ്പറെ ഫോണിൽ വിളിച്ചു. എന്റെ തോളിൽ തോക്കുെവച്ചാണ് താങ്കൾ വെടി പൊട്ടിക്കുന്നത് എന്ന് പറഞ്ഞു.
ചിരിച്ച് കൊണ്ട് മോദി പറഞ്ഞത് കരൺ സഹോദരാ, ഞാൻ താങ്കളെ സ്നേഹിക്കുന്നു. ഞാൻ ഡൽഹിയിൽ വരുമ്പോൾ നമ്മൾ ഒരുമിച്ച് ഭക്ഷണം കഴിക്കും എന്നാണ്.
എന്നാൽ പല തവണ മോഡി ഡൽഹിയിൽ വന്നിട്ടും ഒരുമിച്ച് ഭക്ഷണം കാഴ്ഴിക്കുക പോയിട്ട് നേരിൽ കാണുക പോലും ഉണ്ടായില്ല. കരൺ ഥാപ്പറെ ബിജെപി പൂർണ്ണമായും മാറ്റിനിർത്തുകയായിരുന്നു.
പത്ത് വര്ഷം കഴിഞ്ഞ് 2017ൽ ‘ദി വയറി’ന് വേണ്ടി സിദ്ധാർത്ഥ് വരദരാജൻ ഈ അഭിമുഖത്തെക്കുറിച്ച് വീണ്ടും കരൺ ഥാപ്പറോട് ചോദിക്കുന്നു. അപ്പോഴേക്കും ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നരേന്ദ്ര മോദി എത്തിയിരുന്നു. നരേന്ദ്ര മോദി വീണ്ടുമൊരിക്കൽ കൂടി കാണാൻ ആഗ്രഹിക്കാത്ത ആ ഇന്റർവ്യൂ വീണ്ടും ഓർമ്മിപ്പിക്കുക മാത്രമല്ല സിദ്ധാർത്ഥ് വരദരാജൻ ചെയ്തത്. മറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുമ്പിൽ പ്രധാനമന്ത്രി ചൂളുമെന്നും മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളുള്ള അഭിമുഖങ്ങളിലെ പ്രധാനമന്ത്രി പങ്കെടുക്കുകയുള്ളുവെന്നും ആ അഭിമുഖത്തിലൂടെ പറഞ്ഞ് വെച്ചു.
അതിന്റെയൊക്കെ ബാക്കിയാണ് ഇപ്പോളത്തെ കേസും കാര്യങ്ങളും. നിങ്ങളെ ഒരിക്കലും മറക്കില്ലെന്ന് മോദി പറഞ്ഞത് 100 ശതമാനം സത്യമായിരിക്കുകയാണ്.