തോമസ് ഐസക്കിന്റെ പേര് വോട്ടർ പട്ടികയിൽ നിന്നു നീക്കും
മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിന്റെ പേര് ആലപ്പുഴ നഗരസഭയിലെ കിടങ്ങാപറമ്പ് വാർഡിലെ വോട്ടർ പട്ടികയിൽ നിന്നു നീക്കാൻ തീരുമാനമായി. അന്തിമ വോട്ടർപട്ടിക പ്രസിദ്ധപ്പെടുത്തുന്നതിനു മുന്നോടിയായി നടന്ന ഹിയറിങ്ങിലാണ് നടപടി. വ്യാഴാഴ്ചത്തെ ഹിയറിങിൽ പങ്കെടുക്കാൻ ഐസക്കിനു നോട്ടീസ് അയച്ചെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.
തെരഞ്ഞെടുപ്പു വിഭാഗം ഉദ്യോഗസ്ഥരുടെ ഓഫീസ് മേൽവിലാസത്തിൽ ചേർത്ത പേരാണു നീക്കുക. ഇതോടെ ഇരട്ട വോട്ടുൾപ്പെടെയുള്ള ആരോപണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും വിരാമമായേക്കും.
കരടു പട്ടിക പ്രസിദ്ധപ്പെടുത്തിയപ്പോൾ ഐസക്കിന്റെ പേര് ഉൾപ്പെടുത്തിയതിനെതിരെ കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിരുന്നു. ആലപ്പുഴയിൽ ഇല്ലാത്തയാളെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നായിരുന്നു ആരോപണം. എന്നാൽ അന്തിമ പട്ടികയിലും ഐസക്കിന്റെ പേര് വന്നതോടെ സംഭവം വീണ്ടും വിവാദമായി.
ഈ മാസം 25നു അന്തിമ വോട്ടർപട്ടിക പ്രസിദ്ധപ്പെടുത്തും. ജില്ലയിൽ 41,739 പേരാണ് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിച്ചിട്ടുള്ളത്.













