ദുബായിൽ 40 കിലോ ലഹരി മരുന്ന് പിടികൂടി; പ്രതികൾക്ക് വിദേശ സംഘങ്ങളുമായി ബന്ധമെന്ന് പൊലീസ്

ദുബൈയിലെ ഒരു വില്ലയിൽ നിന്ന് വൻ തോതിൽ ലഹരി മരുന്ന് പിടികൂടി. 40 കിലോ ലഹരി മരുന്നാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവർക്ക് രാജ്യത്തിന് പുറത്ത് പ്രവർത്തിക്കുന്ന അധോലോക സംഘവുമായി ബന്ധമുണ്ടെന്ന് അധികൃതർ പറഞ്ഞു.
യുവാക്കളെ ലക്ഷ്യം വച്ചുള്ള മയക്കുമരുന്ന് വിൽപ്പനയ്ക്കായാണ് ലഹരി മരുന്നുകൾ എത്തിച്ചത്. മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാൻ റെസിഡൻഷ്യൽ വില്ലയിൽ ആണ് പ്രതികൾ താമസിച്ചിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് ഇവരെ നീരീക്ഷിച്ചു വരുക ആയിരുന്നു. തുടർന്ന് ഇതിൽ ഒരാളെ പൊലീസ് പിടികൂടുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഈ സംഘത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇയാൾ പൊലീസിന് നൽകി.
പിന്നീട് ദുബൈ പൊലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെ രണ്ടാമത്തെ പ്രതിയെ പിടികൂടുക ആയിരുന്നു. ഇയാൾ ലഹരി മരുന്ന് ചെറിയ കവറുകളിലേക്ക് മാറ്റുന്നതിനിടയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാസലഹരി അടക്കമുള്ള നിരവധി ലഹരി വസ്തുക്കളാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്.