യു എ ഇ ഭരണാധികാരികൾക്ക് ആദരമർപ്പിച്ച് ‘ഭീമൻ പൂക്കളം’ ഒരുക്കി

ഇത്തവണത്തെ ഓണം പ്രവാസികളെ സംബന്ധിച്ച് മറക്കാൻ കഴിയാത്ത ഒന്നാണ്. നബി ദിനം പ്രമാണിച്ചു സർക്കാർ പ്രഖ്യാപിച്ച അവധിയും വാരാന്ത്യ അവധിയും ഒരുമിച്ചു വന്നതോടെ മൂന്ന് ദിവസത്തെ അവധിയാണ് പ്രവാസികൾക്ക് ലഭിച്ചത്. അത് കൊണ്ട് തന്നെ ഓണപരിപാടികൾ വളരെ ഗംഭീരമായിത്തന്നെ നടത്താനും കുടുംബത്തോടൊപ്പം അടിച്ചു പൊളിക്കാനും ഇഷ്ടംപോലെ സമയമാണ് പ്രവാസികൾക്ക് ലഭിച്ചത്.
ഈ വർഷത്തെ ഓണത്തിന് യു എ ഇയിലെ ദീർഘവീക്ഷണമുള്ള നേതാക്കളെ ആദരിക്കൻ ബുർജീൽ ഹോൾഡിങ്സ് എന്ന കമ്പനി തീരുമാനിച്ചു. അതിനായി ഒരു വലിയ പൂക്കളമാണ് അബുദാബിയിൽ ഒരുക്കിയത്.
യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും യു എ ഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും മുഖങ്ങൾ പൂവുകൾ കൊണ്ട് നിർമ്മിച്ചാണ് ആദരവ് അറിയിച്ചത്. 250 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പൂക്കളം നിർമ്മിക്കാനായി 650 കിലോഗ്രാം പൂക്കളാണ് ഉപയോഗിച്ചത്. ഏകദേശം 12 മണിക്കൂർ സമയമെടുത്താണ് പൂക്കളം നിർമ്മിച്ചത്.
ബുർജീൽ ഹോൾഡിങ്സ് എന്ന കമ്പനിയുടെ കീഴിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ആയിരുന്നു പൂക്കളം നിർമ്മിച്ചത്. ബുർജീൽ മെഡിക്കൽ സിറ്റിയിൽ ഒരുക്കിയ ഭീമൻ പൂക്കളം ഇടാൻ മലയാളികൾ മാത്രമല്ല ഉണ്ടായിരുന്നത്. 20 രാജ്യങ്ങളിൽ നിന്നുള്ള ആളുകളുമുണ്ടായിരുന്നു എന്ന് അധികൃതർ അറിയിച്ചു.