സൗദി ഹദീസ് പണ്ഡിതന്റെ കൊലപാതകം: കൊല നടന്ന് 42ാം ദിവസം വധശിക്ഷ നടപ്പിലാക്കി

സൗദിയിലെ ഹദീസ് പണ്ഡിതനും പ്രമുഖ എഴുത്തുകാരനുമായ ഡോ. അബ്ദുൽ മാലിക് ഖാദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഈജിപ്ഷ്യൻ പൗരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് അതിവേഗത്തിൽ വിചാരണ നടപടികൾ ആരംഭിച്ചു. തെളിവുകൾ അടക്കമുള്ള രേഖകൾ പൊലീസ് കോടതിയിൽ സമർപ്പിച്ചു. ഇത് പരിശോധിച്ച കോടതി വിശദമായ വാദം കേൾക്കുകയും പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചെയ്തു. അതോടെ പ്രതിയെ വധ ശിക്ഷക്ക് വിധിച്ചു. സംഭവം നടന്ന് 42ാം ദിവസം പ്രതിയുടെ വധ ശിക്ഷ നടപ്പാക്കുകയും ചെയ്തു.
സൗദിയിലെ ദഹ്റാനിലുള്ള വീട്ടിൽ ഭാര്യയോടൊപ്പം താമസിക്കുകയായിരുന്ന ഡോ. അബ്ദുൽ മാലിക് ഖാദിയുടെ വീടിന് സമീപത്തുള്ള സൂപ്പർമാർക്കറ്റിലെ ഡെലിവറി ജീവനക്കാരനായിരുന്നു പ്രതിയായ ഈജിപ്തുകാരൻ മഹ്മൂദ് അൽ മുൻതസിർ അഹ്മദ് യൂസുഫ്.
ഇവർ തമ്മിൽ അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ വീട്ടിൽ മോഷണത്തിനായി നേരത്തെ തന്നെ പ്രതി പദ്ധതിയിട്ടിരുന്നു. സംഭവം ദിവസം ഇയാൾ വീട്ടിലെത്തുകയും പ്രൊഫസറെ 16 തവണ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. ആക്രമണം തടയാൻ എത്തിയ പ്രൊഫസറുടെ ഭാര്യ അദ്ല ബിന്ത് ഹമീദ് മർദിനിയെ ഇയാൾ അതിക്രൂരമായി മർദിക്കുകയും, മരിച്ചു എന്ന് കരുതി പോകുകയുമായിരുന്നു. വീട്ടിൽ നിന്നും 3,000 റിയാലും ഇയാൾ മോഷ്ടിച്ചിരുന്നു
രാജ്യത്ത് ഏറെ അറിയപ്പെടുന്ന ഒരു പണ്ഡിതനായിരുന്ന ഡോ. അബ്ദുൽ മാലിക് ഖാദിയുടെ കൊലപാതകം സൗദിയിൽ വലിയ ഞെട്ടൽ ഉണ്ടാക്കിയിരുന്നു.