മദ്യപിച്ച് എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി മലയാളി യാത്രക്കാരൻ; ദോഹ- ബെംഗളൂരു വിമാനം അടിയന്തിരമായി താഴെയിറക്കി
മലയാളിയായ യാത്രക്കാരൻ മദ്യപിച്ച് ബഹളം വെച്ചതിനെത്തുടർന്ന് വിമാനം അടിയന്തിരമായി താഴെയിറക്കി. ദോഹയിൽ നിന്നും ബംഗളൂരുവിലേയ്ക്ക് പോയ ഇൻഡിഗോ വിമാനമാണ് മുംബൈ എയർപോർട്ടിൽ ഇറക്കേണ്ടി വന്നത്. വിമാനത്തിനുള്ളിൽ ബഹളം വെച്ച മലയാളിയായ മുഹമ്മദ് സർഫുദ്ദീനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
എയർഹോസ്റ്റസ് സർഫുദ്ദീൻ മദ്യപിക്കുന്നത് തടയാൻ ശ്രമിച്ചു. തുടർന്ന് ഇയാൾ അവരോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടർന്ന് സർഫുദ്ദീൻ സീറ്റിൽ എഴുന്നേറ്റ് നിൽക്കുകയും ബഹളം വെയ്ക്കുകയും ചെയ്തു. വിഷയത്തിലിടപെടാൻ ശ്രമിച്ച മറ്റുയാത്രക്കാരെ ഇയാൾ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ശാന്തനായിരിക്കാൻ പൈലറ്റ് പലതവണ ഇയാളോട് മൈക്കിലൂടെ അഭ്യർത്ഥിച്ചെങ്കിലും ഇയാൾ അത് അനുസരിക്കാൻ തയ്യാറായില്ല. തുടർന്നാണ് വിമാനം ഗതിതിരിച്ചുവിട്ട് മുംബൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുക എന്ന തീരുമാനത്തിലേയ്ക്ക് പൈലറ്റ് എത്തിച്ചേർന്നത്.
മുംബൈ വിമാനത്താവളത്തിൽ വെച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥർ സർഫുദ്ദീനെ കസ്റ്റഡിയിലെടുക്കുകയും മുംബൈ പൊലീസിന് കൈമാറുകയും ചെയ്തു. ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെയും എയർക്രാഫ്റ്റ് നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഞായറാഴ്ച രാവിലെ ഒരു മെട്രോപ്പൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സർഫുദ്ദീനെ കോടതി ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Content Highlight: Drunk flier from Kerala forces Doha-Bengaluru Indigo flight’s emergency landing in Mumbai