കാന്തപുരം വിചാരിച്ചാലും നടക്കില്ല, നിമിഷപ്രിയയുടെ കാര്യത്തിൽ പ്രതീക്ഷകൾ മങ്ങുന്നു; വധശിക്ഷ നടപ്പാക്കുന്ന തീയതി ആവശ്യപ്പെട്ട് തലാലിന്റെ സഹോദരൻ വീണ്ടും കത്തയച്ചു

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ നടക്കുന്ന നീക്കങ്ങൾക്ക് തിരിച്ചടി നൽകുന്ന പുതിയ നീക്കവുമായി തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി വീണ്ടും രംഗത്ത് വന്നു. ദയാധനം സ്വീകരിക്കുന്നതിന് കുടുംബം തയാറല്ലെന്നും വധശിക്ഷ ഉടൻ നടപ്പാക്കാനുള്ള തീയതി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് മെഹ്ദി കത്തയച്ചു. ഒരു തരത്തിലുമുള്ള ഒത്തു തീർപ്പിനും, മധ്യസ്ഥതയ്ക്കും തയാറല്ലെന്നും തന്നെയാണ് തലാലിന്റെ സഹോദരൻ മെഹദി കത്തിൽ പറയുന്നത്. കഴിഞ്ഞ ജൂലൈ 16ന് വധശിക്ഷ നീട്ടിവച്ചതിന് ശേഷമുള്ള മെഹദിയുടെ രണ്ടാമത്തെ കത്താണിത്.
അതെ സമയം, നിമിഷ പ്രിയയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ച് പറഞ്ഞു. അത്തരം പ്രചാരണങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി ക്കൊണ്ടുള്ള തീരുമാനം ഉണ്ടായതായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ പ്രതികരിച്ചത്. യെമന്റെ തലസ്ഥാനമായ സനായിൽ നടന്ന ഉന്നതതല യോഗത്തിലാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി ക്കൊണ്ടുള്ള തീരുമാനമെടുത്തത് എന്നായിരുന്നു കാന്തപുരത്തിന്റെ വെളിപ്പെടുത്തൽ.
‘യെമനിലെ കൊലപാതക കേസിൽ വധശിക്ഷ നേരിടുന്ന ഇന്ത്യൻ പൗരയായ നിമിഷ പ്രിയയുടെ കേസുമായി ബന്ധപ്പെട്ട് അവകാശവാദങ്ങളുന്നയിക്കുന്ന റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടു, അതെല്ലാം തെറ്റാണ്. വൈകാരിക പ്രാധാന്യമുള്ള ഈ വിഷയത്തിൽ തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും ഒഴിവാക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു’ എന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.
ഒരു സ്വകാര്യ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് കാന്തപുരം നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് വെളിപ്പെടുത്തിയത്. വധശിക്ഷ റദ്ദാക്കിയെന്ന് ആദ്യമായാണ് കാന്തപുരം നേരിട്ട് പറയുന്നത്. കാന്തപുരത്തിന്റെ ഇടപെടലിനെ തുടർന്ന് പല കോണുകളി നിന്നും വിവാദങ്ങളും അവകാശവാദങ്ങളും ഉയർന്നിരുന്നു. കാന്തപുരത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വധശിക്ഷ ഒഴിവാക്കി എന്ന വാർത്ത ഡിലീറ്റ് ചെയ്തിരുന്നു.
മധ്യസ്ഥചർച്ചയ്ക്ക് ആരും കുടുംബത്തെ സമീപിച്ചിട്ടില്ലെന്നും ഇക്കാര്യം കാന്തപുരം വ്യക്തമാക്കണമെന്നും അബ്ദുൽ ഫത്താഹ് മെഹ്ദി ഫെയ്സ്ബുക്കിൽ കുറിച്ചു. ഇതിനിടയിലും യെമെൻ പണ്ഡിതസംഘവും യെമെൻ ഭരണാധികാരികളും തമ്മിൽ നടന്ന ചർച്ചയിൽ വധശിക്ഷ റദ്ദാക്കാൻ ധാരണയായി എന്നതിൽ ഉറച്ചു നിൽക്കുകയാണ് കാന്തപുരത്തിന്റെ ഓഫീസ്. എന്നാൽ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ രംഗത്തെത്തിയിരുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അബ്ദുൽ ഫത്താഹ് മെഹദി ഇപ്പോൾ രണ്ടാമത്തെ കത്തും അയച്ചതോടെ പ്രതീക്ഷകൾ എല്ലാം മങ്ങുകയാണ്. പ്രതിബന്ധങ്ങൾ എത്ര നീണ്ടതായാലും, സമ്മർദ്ദങ്ങൾ എത്ര തീവ്രമായാലും മുന്നോട്ടു പോകുമെന്നും വധശിക്ഷ നടപ്പിലാക്കണമെന്ന നിലപാട് ഉറച്ചതാണെന്നും മെഹദി സമൂഹ മാധ്യമത്തിൽ കുറിച്ചു.
ഇതിനിടെ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളും രണ്ട് തട്ടിലായി. നിമിഷപ്രിയ വിഷയത്തില്‍ ഇടപെട്ട് ശ്രദ്ധ നേടിയ സാമുവല്‍ ജെറോമിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. നിമിഷപ്രിയക്കായി പിരിച്ചുനല്‍കിയ നാല്പതിനായിരത്തോളം ഡോളര്‍ സാമുവല്‍ ജെറോം എന്ത് ചെയ്തുവെന്ന ചോദ്യവുമായി ആക്ഷന്‍ കൗണ്‍സിലിലെ ഒരു വിഭാഗം അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു.