യുഎഇയില്‍ ജീവിത ചെലവേറി, ഉയര്‍ന്ന ശമ്പളം വേണമെന്ന് ഉദ്യോഗാര്‍ഥികള്‍; നിയമനം വെട്ടിക്കുറയ്ക്കാന്‍ കമ്പനികള്‍

യുഎയില്‍ ജീവിത ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ തൊഴില്‍ അന്വേഷകര്‍ കൂടുതല്‍ ശമ്പളം ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. തൊഴില്‍ അന്വേഷകര്‍ ആവശ്യപ്പെടുന്ന ശമ്പളവും കമ്പനികള്‍ നല്കുന്ന ശമ്പളവും തമ്മില്‍ 30 ശതമാനത്തിന്റെ അന്തരമുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
രാജ്യത്ത് ജീവിതച്ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് ജീവനക്കാര്‍ ഉയര്‍ന്ന ശമ്പളം ആവശ്യപ്പെടുന്നത്. അതേസമയം കമ്പനികളില്‍ മികവുറ്റ ജീവനക്കാര്‍ ഉള്ളതുകൊണ്ട് തന്നെ പുതുതായി വരുന്ന ജീവനക്കാര്‍ക്ക് ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നത് ബുദ്ധിമുട്ടാണ് .
നൗക്കരി ഗള്‍ഫ് ഹയറിങ് ഔട്ട്ലുക്ക് റിപ്പോര്‍ട്ട് പ്രകാരം തൊഴിലന്വേഷകര്‍ സാധാരണയായി തൊഴിലുടമകള്‍ വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ 15 മുതൽ 30 ശതമാനം വരെ കൂടുതല്‍ ശമ്പളമാണ് ആവശ്യപ്പെടുന്നത്. സീനിയര്‍ തസ്തികകളിലാണ് ഈ വ്യത്യാസം കൂടുതലും കാണുന്നത്. യുഎഇ, ഗള്‍ഫ് തൊഴില്‍ വിപണികളില്‍ ആഗോള തൊഴിലന്വേഷകരുടെ എണ്ണം കുതിച്ചുയരുന്നതായും നൗക്കരി ഗള്‍ഫ് റിപ്പോര്‍ട്ട് പറയുന്നു.
യുഎഇയില്‍ ജീവിതച്ചെലവ്, പ്രത്യേകിച്ച് താമസം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയില്‍ വലിയ വര്‍ധനവുണ്ടായ പശ്ചാത്തലത്തിലാണ് ഉയര്‍ന്ന ശമ്പളം വേണമെന്ന തൊഴില്‍ അന്വേഷകരുടെ ആവശ്യമെന്നും പഠനം തെളിയിച്ചു.
കഴിഞ്ഞ നാല് വര്‍ഷമായി യുഎഇയില്‍ ജനസംഖ്യയിലും വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്, ഇത് വാടക, സ്കൂള്‍ ഫീസ്, ഗതാഗത ചെലവുകള്‍, ആരോഗ്യ സംരക്ഷണ ചെലവുകള്‍ എന്നിവ ഗണ്യമായി കൂടാൻ കാരണമായി. രാജ്യത്തെ ജനസംഖ്യ 2021-ല്‍ 9.789 ദശലക്ഷത്തില്‍ നിന്ന് 2025-ല്‍ 11.346 ദശലക്ഷമായി വര്‍ധിച്ചു എന്നാണ് കണക്കുകൾ.