ലഗേജുകൾ കയറ്റാൻ മറന്നു; യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ്

ദുബൈയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ വിമാനത്തിൽ യാത്രക്കാരുടെ ലഗേജുകൾ കയറ്റിയില്ലെന്ന് പരാതി. കഴിഞ്ഞ ദിവസം വൈകുന്നേരം ഡൽഹിയിൽ എത്തിയ സ്പൈസ് ജെറ്റ് വിമാനമാണ് യാത്രക്കാരെ വലച്ചത്. ദുബൈയിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ ലഗേജുകൾ കയറ്റുന്നതിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചു എന്നാണ് റിപ്പോർട്ട്.
148 യാത്രക്കാരുമായി സ്പൈസ് ജെറ്റ് വിമാനം യുഎഇ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് യാത്ര ആരംഭിച്ചത്. ഇന്ത്യൻ സമയം വൈകുന്നേരം അഞ്ച് മണിയോടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ ഇറങ്ങി.
തുടർന്ന് യാത്രക്കാർ ലഗേജുകൾ സ്വീകരിക്കുവാൻ കൗണ്ടറിൽ എത്തിയപ്പോഴാണ് ഒരു ബാഗ് പോലും എത്തിയിട്ടില്ല എന്ന് മനസിലായത്. ഇതോടെ വിമാനത്താവളത്തിനുള്ളിൽ ആളുകൾ പ്രതിഷേധവുമായി രംഗത്ത് എത്തി.
വിമാനത്തിന്റെ ഭാരം അമിതമായാൽ ചെക്ക്-ഇൻ ചെയ്ത ബാഗേജുകൾ ദുബൈയിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു എന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ കൃത്യമായി തൂക്കം അളന്നതിന് ശേഷമാണ് ബാഗുകൾ വിമാനത്തിൽ കയറ്റുന്നത്. പിന്നെ എങ്ങനെ അമിത ഭാരമാകും എന്നാണ് യാത്രക്കാരുടെ ചോദ്യം.
അടുത്ത വിമാനത്തിൽ തന്നെ ലഗേജുകൾ എത്തിക്കാമെന്ന് ഉറപ്പു നൽകിയതായി ജീവനക്കാർ അറിയിച്ചതോടെ യാത്രക്കാർ പ്രതിഷേധം അവസാനിപ്പിച്ചതായി ആണ് റിപ്പോർട്ടുകൾ.