‘ഇന്ത്യൻ മണ്ണില്‍ കാലുകുത്തിയത് മോദിയുടെ ഇടപെടല്‍ കൊണ്ട് മാത്രം’; നന്ദി അറിയിച്ച് മുൻ ഇന്ത്യൻ നാവികര്‍
2022ല്‍ ചാരവൃത്തി ആരോപിച്ച് ഖത്തർ തടവിലാക്കിയ മുൻ ഇന്ത്യൻ നാവികരെ വെറുതെ വിട്ടിരുന്നു. മലയാളിയായ രാകേഷ് ഗോപകുമാർ അടക്കമുള്ള എട്ട് പേരെയാണ് വെറുതെ വിട്ടത്.
ഇതില്‍ ഏഴ് പേർ ഇന്ന് ഇന്ത്യയില്‍ മടങ്ങിയെത്തി. ഡല്‍ഹിയിലെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിക്കുന്ന ഇവരുടെ ആദ്യ പ്രതികരണം പുറത്തുവന്നു.
നരേന്ദ്ര മോദിയുടെ ഇടപെടല്‍ മൂലമാണ് തിരിച്ചെത്താൻ കഴിഞ്ഞതെന്ന് ഒരു മുൻ നാവിക ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ഇന്ത്യൻ ഗവണ്മെന്റിന്റെ നിരന്തര പരിശ്രമം കൊണ്ടാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഭാരത് മാതാ കീ ജയ്’ വിളിച്ചുകൊണ്ടാണ് ഉദ്യോഗസ്ഥർ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറത്തുവന്നത്.
‘ഇന്ത്യയിലേക്ക് തിരിച്ചെത്താൻ ഞങ്ങള്‍ ഏകദേശം 18മാസത്തോളം കാത്തിരുന്നു. പ്രധാനമന്ത്രിയോട് നന്ദിയുണ്ട്. ഖത്തറുമായുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ ഇടപെടല്‍ മൂലമാണ് ഞങ്ങള്‍ക്ക് ഇവിടെ കാലുകുത്താൻ കഴിഞ്ഞത് . നിങ്ങള്‍ നടത്തിയ എല്ലാ ശ്രമങ്ങള്‍ക്കും ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി അറിയിക്കുന്നു. ‘. – മുൻ നാവികസേന ഉദ്യോഗസ്ഥൻ പറഞ്ഞു.