പച്ചക്കറി ഇറക്കുമതിക്ക് പ്രത്യേക അനുമതി വേണമെന്ന് ഒമാൻ
പച്ചക്കറി ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇനി മുൻകൂർ രജിസ്ട്രേഷൻ വേണമെന്ന് ഒമാൻ. സർക്കാർ ലിസ്റ്റ് ചെയ്ത പച്ചക്കറികൾ മാത്രമേ ഒമാനിലേക്ക് എത്തിക്കാൻ പാടുള്ളൂ. ചരക്കുകൾ സംബന്ധിച്ച വിവരങ്ങൾ കാർഷിക വകുപ്പിന്റെ സൈറ്റിലൂടെ മുൻകൂർ രജിസ്റ്റർ ചെയ്യണമെന്ന് ഒമാൻ കാർഷിക, മത്സ്യ, ജല വിഭവ മന്ത്രാലയം അറിയിച്ചു.
വെള്ളരിക്ക,തക്കാളി, ക്യാപ്സിക്കം,ഉരുളക്കിഴങ്ങ്, ഉള്ളി, ഈന്തപ്പഴം, മുളക്, പാവക്ക, വഴുതന, വെണ്ട, ക്യാബേജ്, ക്യാരറ്റ്, ബീറ്റ്റൂട്ട്, തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയാണ് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടത്.
മുൻകൂർ രജിസ്ട്രേഷൻ നടത്താതെ ചരക്കുകൾ ഒമാനിൽ ഇറക്കാൻ അനുമതി നൽകില്ല. ഇറക്കുമതിക്ക് ആവശ്യമായ രേഖകൾ സഹിതം മന്ത്രാലയത്തിന് മുൻകൂറായി ഇ-മെയിൽ അയക്കണം.
സസ്യാരോഗ്യ സംരക്ഷണവും ഉപഭോക്താക്കളുടെ സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കൂടുതൽ വിവരങ്ങൾക്കും മറ്റു നിർദ്ദേശങ്ങൾക്കും ഇറക്കമതിക്കാർക്ക് കാർഷിക വകുപ്പിനെ ബന്ധപ്പെടാം.












