പാകിസ്ഥാനികളോട് റിട്ടേണ്‍ ടിക്കറ്റ് എടുക്കാൻ നിര്‍ദേശം; പ്രവാസികള്‍ക്കായി പുതിയ അറിയിപ്പ്
യുഎഇയിലെ പാക് പൗരന്മാർക്കും തൊഴില്‍, വിസിറ്റ് വിസയില്‍ എത്തുന്ന പാകിസ്ഥാനികള്ക്കുമായി മാർഗ നിർദേശങ്ങള്‍ പുറത്തിറക്കിയതിന് പിന്നാലെ പുതിയ നിർദേശം പുറത്തുവന്നിരിക്കുകയാണ്. ടൂറിസ്റ്റ് വിസയില്‍ യുഎഇയിലെത്തുന്ന പാക് പൗരന്മാർക്കായി ആണ് പാകിസ്ഥാൻ പുതിയ നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്.
ടൂറിസ്റ്റ് വിസയിലെത്തുന്നവർ വിമാന ടിക്കറ്റ് വാങ്ങിയ അതേ എയർലൈനില്‍ നിന്നുതന്നെ റിട്ടേണ്‍ ടിക്കറ്റും വാങ്ങണമെന്നാണ് പുതിയ നിർദേശം. പുതിയതായുള്ള അനുമതികള്‍ ലഭിക്കുന്നത് ഒഴിവാക്കാനാണിത്. റിട്ടേണ്‍ ടിക്കറ്റ് മറ്റ് എയർലൈനില്‍ നിന്നാണെങ്കില്‍ ചെക്ക് ഇൻ സമയത്ത് വിമാന ടിക്കറ്റ് ആദ്യം എടുത്ത കമ്ബനിയുടെ അനുമതി വാങ്ങേണ്ടതായി വരും. മാത്രമല്ല വിസിറ്റ് വിസയില്‍ പോകുന്നവർ വിസയുടെ കാലാവധിക്കുള്ളില്‍ വരുന്ന റിട്ടേണ്‍ ടിക്കറ്റ് തന്നെയാണെന്ന് ഉറപ്പുവരുത്തണം.
വിസയ്ക്കൊപ്പം താമസ സ്ഥലത്തിന്റെ രേഖകള്‍, ക്രെഡിറ്റ് കാർഡ്, കയ്യില്‍ സൂക്ഷിക്കാനുള്ള പണം, റിട്ടേണ്‍ ടിക്കറ്റ് എന്നിവ കരുതണമെന്നും പാകിസ്ഥാൻ തങ്ങളുടെ പൗരന്മാരോട് അറിയിച്ചു. ഇത്തരം കാര്യങ്ങള്‍ കൈവശം കരുതാത്തവരെ ബോർഡിംഗ് ചെയ്യാൻ അനുവദിക്കുന്നതല്ല.
സന്ദർശക വിസയില്‍ യുഎഇയിലേക്ക് വരുന്ന പാക്കിസ്ഥാനികള്‍ക്ക് റിട്ടേണ്‍ ടിക്കറ്റും 3,000 ദിർഹം ഫണ്ടും ഹോട്ടല്‍ താമസസൗകര്യവും ഉണ്ടായിരിക്കണമെന്ന് യുഎഇയിലെ പാക് അംബാസിഡർ ഫൈസല്‍ നിയാസ് തിർമിസി നേരത്തെ വ്യക്തമാക്കിയിരുന്നു. ടൂറിസ്റ്റ് വിസയിലായിരിക്കുമ്ബോള് ടൂറിസം മാത്രം ചെയ്യണം. ടൂറിസ്റ്റ് വിസയിലായിരിക്കുമ്ബോള് ജോലി കണ്ടെത്താൻ ശ്രമിക്കരുത്. ജോലി അന്വേഷിക്കുന്നവർ തൊഴില്‍ വിസയില്‍ യുഎഇയില്‍ എത്തണമെന്നും അംബാസിഡർ പറഞ്ഞു.