ജാതിയും മതവും നോക്കാതെ മനുഷ്യജീവൻ രക്ഷിക്കാൻ ഇറങ്ങിയ കാന്തപുരം; കുത്തിത്തിരിപ്പ് ഉണ്ടാക്കി, നിമിഷപ്രിയയെ കൊല്ലാൻ നോക്കുന്നതും മലയാളികൾ തന്നെ

യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള തന്റെ ശ്രമത്തിന്, നമ്മുടെ രാജ്യത്ത് നിന്ന് തന്നെയുള്ള ചിലയാളുകൾ തുരങ്കം വെച്ചെന്ന് പറയുകയാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ഇവർ സമൂഹ മാധ്യമങ്ങളിലൂടെയും, അല്ലാതെയും കൊല്ലപ്പെട്ട ആളിന്റെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. പണം വാങ്ങി, നിമിഷപ്രിയക്ക് മാപ്പ് നൽകുന്നത് ആത്മാഭിമാനത്തെ ബാധിക്കുമെന്ന തരത്തിൽ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾക്ക് സന്ദേശം നൽകിയാണ് നമ്മുടെ ആളുകൾ ഈ ശ്രമങ്ങളെ മുടക്കാൻ ശ്രമിച്ചതെന്നും കാന്തപുരം വ്യക്തമാക്കി.
വളരെ കുറച്ച് ചില ആളുകളാണ് ഈ പ്രവൃത്തി ചെയ്തത്. ഭൂരിപക്ഷം പേരും തന്റെ ശ്രമത്തിന് പിന്തുണ നൽകിയിരുന്നു. ലോകത്തിലെ എല്ലാ ജീവജാലങ്ങൾക്കും ഗുണം നൽകുന്ന നിയമമാണ് ഇസ്ലാമിൽ ഉള്ളത്. അത് മുൻ നിർത്തിയാണ് തൽക്കാലം നിമിഷപ്രിയയെ സംരക്ഷിക്കാൻ സാധിച്ചത്. താൻ നിയമപരമായിട്ടല്ല, മതപരമായിട്ടാണ് ഇടപെട്ടത് എന്നും കാന്തപുരം പറഞ്ഞു.
ജാതി, മത, വ്യത്യാസമോ രാജ്യത്തിൻറെ അതിരുകളോ ഇല്ലാതെ എല്ലാവരെയും മനുഷ്യരായി കാണാൻ കഴിയണം. അതിൽ നിന്നും യാതൊരു നേട്ടവും പ്രതീക്ഷിക്കരുത്. ഇസ്ലാം അതാണ് പഠിപ്പിക്കുന്നതെന്നും കാന്തപുരം കൂട്ടിച്ചേർത്തു. എസ്.വൈ.എസ് എറണാകുളം ജില്ലാ കമ്മറ്റി നിർമിച്ച പത്ത് വീടുകൾ ഉൾക്കൊള്ളുന്ന ദാറുൽ ഖൈർ ഭവന സമുച്ചയം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുച്ചയം നാടിന് സമർപ്പിക്കുന്ന ചടങ്ങ് മന്ത്രി പി രാജീവ് ആണ് ഉദ്ഘാടനം ചെയ്തത്. നിമിഷപ്രിയ ഇപ്പോഴും ജീവനോടെയിരിക്കാൻ കാരണം കാന്തപുരത്തിന്റെ ഇടപെടലാണെന്ന് മന്ത്രി പറഞ്ഞു. ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ മുസ്ലിമെന്നോ നോക്കാതെ സ്ത്രീയെന്നോ പുരുഷനെന്നോ നോക്കാതെ മനുഷ്യനെന്ന് നോക്കിക്കൊണ്ടാണ് കാന്തപുരം പ്രശ്നത്തിൽ ഇടപെട്ടതെന്നും പി രാജീവ് ചൂണ്ടിക്കാട്ടി. കാന്തപുരത്തിന്റെ ആ ഇടപെടലാണ് നിമിഷപ്രിയയുടെ ജീവനിപ്പോഴും ഭൂമിയിൽ തുടരാൻ കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജൂലൈ 16നായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടക്കേണ്ടിയിരുന്നത്. എന്നാൽ കാന്തപുരം മുസ്ലിയാരുടെ വ്യക്തി ബന്ധങ്ങൾ ഉപയോഗിച്ച് നടത്തിയ ഇടപെടലിനെ തുടർന്ന് വധശിക്ഷ മാറ്റിവെക്കുകയായിരുന്നു.
നിമിഷപ്രിയക്കായുള്ള ഇടപെടലിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്ക് വലിയ രീതിയിലുള്ള പിന്തുണയാണ് സോഷ്യൽ മീഡിയയിലൂടെ ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രി പി എ മുഹമ്മദ് റിയാസ്, കെ രാധാകൃഷ്ണൻ എംപി, എംഎൽഎമാരായ കെ കെ ശൈലജ, രാഹുൽ മാങ്കൂട്ടത്തിൽ അടക്കം നിരവധി പേരാണ് കാന്തപുരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
എംഎൽഎ ചാണ്ടി ഉമ്മനാണ് ഈ വിഷയത്തിൽ ഇടപെടണം എന്ന് അഭ്യത്തിച്ച് കൊണ്ട് കാന്തപുരത്തിനെ സമീപിച്ചത്. ദയാധനത്തിന്റെ സമാഹരണവും ചാണ്ടി ഉമ്മന്റെ യുടെ നേതൃത്വത്തിലാണ് നടക്കുന്നതെന്നും കാന്തപുരം പറഞ്ഞിരുന്നു.
എന്നാൽ ഇതെലാം ഇല്ലാതാക്കാനാണ് ഒരു ചെറിയ വിഭാഗം കുത്തിത്തിരുപ്പ് നടത്തിയത്. യമനിലെ തലാലിന്റെ കുടുംബത്തോട് നിങ്ങളീ ചില്ലിക്കാശിനുവേണ്ടി അഭിമാനം വിൽക്കുകയാണോ എന്ന് ചോദിച്ചാണ് അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചത്. അതിൽ തനിക്ക് വളരെയധികം വേദനയുണ്ടെന്നും കാന്തപുരം പറഞ്ഞു.