മദ്യ നിർമ്മാണ കേന്ദ്രം തകർത്ത് കുവൈത്ത് പൊലീസ്; ആറ് പ്രവാസികൾ അറസ്റ്റിൽ

നിയമ വിരുദ്ധമായി മദ്യ നിർമ്മാണം നടത്തിയ സംഘത്തെ പിടികൂടി കുവൈത്ത് പൊലീസ്. അബ്ദാലി മരുഭൂമിയിലെ ഒരു സ്ഥലത്ത് പ്രവർത്തിച്ചിരുന്ന മദ്യ നിർമ്മാണശാലയിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ആറ് പേരെ പിടികൂടിയത്. ഇവരിൽ നിന്ന് മദ്യ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി.
അബ്ദാലിയിൽ വൻ തോതിൽ മദ്യം നിർമ്മിക്കുന്നതായി നേരത്തേ രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസും സി ഐ ഡി വിഭാഗവും ഈ പ്രദേശം നിരീക്ഷിച്ചു വരികയായിരുന്നു. അതിനൊടുവിൽ മദ്യനിർമ്മാണശാല സുരക്ഷാ ഉദ്യോഗസ്ഥർ വളയുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികൾ ആറ് പേരും ഏഷ്യൻ പൗരന്മാരാണെന്ന് പൊലീസ് അറിയിച്ചു.