അക്കൗണ്ടിങ് മേഖലയിലെ സ്വദേശിവൽക്കരണ നടപടി ആരംഭിച്ചു; ആശങ്കയിൽ സൗദി പ്രവാസികൾ

അക്കൗണ്ടിങ് മേഖലയിലെ സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി. വാണിജ്യ മന്ത്രാലയവും മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയവും ചേർന്നാണ് തീരുമാനം നടപ്പാക്കുന്നത്. തിങ്കളാഴ്ച മുതൽ സ്വദേശിവൽക്കരണ നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ അഞ്ചോ അതിലധികമോ അക്കൗണ്ടിങ് പ്രൊഫഷണലുകൾ ഉള്ള സ്ഥാപനത്തിൽ 40% സൗദി പൗരന്മാരെ നിയമിക്കണം. രണ്ടാം ഘട്ടം 2026 ഒക്ടോബർ 27നാണ് നടപ്പാക്കുന്നത്. ഈ ഘട്ടത്തിൽ സൗദി പൗരന്മാരുടെ അനുപാതം 50% ആയി വർധിപ്പിക്കും. 2027ൽ 60 ശതമാനവും 2028ൽ 70 ശതമാനവും സൗദി സ്വദേശികളെ അക്കൗണ്ടിങ് സ്ഥാപനങ്ങൾ നിയമിക്കണം എന്നാണ് വ്യവസ്ഥ.
നാലിൽ താഴെ അക്കൗണ്ടന്റുമാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണത്തിന്റെ അഞ്ചാം ഘട്ടം എത്തുമ്പോൾ 30% സ്വദേശികളെ നിയമിക്കണം. സ്വദേശികൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കാനും അക്കൗണ്ടിങ് മേഖലയിൽ കൂടുതൽ സൗദി പൗരന്മാരെ നിയമിക്കാനുമുള്ള നടപടിയുടെ ഭാഗമായാണ് പുതിയ തീരുമാനം.
സർക്കാർ തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന കമ്പനികൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പുതിയ നയം നടപ്പിലാകുന്നതോടെ ജോലി നഷ്ടമാകുമോ എന്ന ആശങ്കയിലാണ് പ്രവാസികൾ.