അടുത്ത തവണയും പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകുമെന്ന് എം എ യൂസഫലി: ദുബായിൽ നടന്ന കേരളോൽസവത്തിൽ പങ്കെടുത്തത് വൻ ജനക്കൂട്ടം
പിണറായി വിജയന് ഇനിയും മുഖ്യമന്ത്രിയായി തന്നെ മടങ്ങി വരുമെന്ന് പറയുകയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. മുഖ്യമന്ത്രി വീണ്ടും മുഖ്യമന്ത്രിയായി മടങ്ങി എത്തുന്നതിനുള്ള സാഹചര്യം ആണിപ്പോൾ എന്ന് പറഞ്ഞ എം എ യൂസഫലി, പിന്നീട് തനിക്ക് രാഷ്ട്രീയം അറിയില്ല എന്ന് പറഞ്ഞാണ് ആ പരാമർശം പൂർത്തിയാക്കിയത്. രാഷ്ട്രീയക്കാർ അവരുടെ ജീവിതം അതിനായി ഉഴിഞ്ഞു വെച്ചവരാണെന്നും യുസഫലി പറഞ്ഞു. ഓര്മ കേരളോത്സവം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എനിക്ക് രാഷ്ട്രീയമില്ല. ഞാന്‍ ഒരു കച്ചവടക്കാരന് മാത്രമാണ്. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഒരുപോലെ സ്വാഗതം പറയുന്ന നാടാണിത്. ഏവരും സന്തോഷത്തോടെ മത സൗഹാർദത്തോടെ ഒത്തൊരുമിച്ചു ജീവിക്കുന്ന രാജ്യമാണ് ഇതെന്നും എം എ യൂസഫലി പറഞ്ഞു.
52 വര്‍ഷം മുന്‍പാണ് ഞാൻ ഈ അറബ് രാജ്യത്ത് വന്നിറങ്ങുന്നത്. ഈ രാജ്യം എനിക്ക് എല്ലാം തന്നു. കേരളവും ആ ജനതയും ഹൃദയത്തിലാണ് എന്നാണ് യുഎഇ ഭരണാധികാരികള്‍ പറയുന്നത്. കേരള ജനത ഈ രാജ്യത്തിന്റെ ഉയര്‍ച്ചയില്‍ വളരെ പ്രധാനമായ പങ്കുവഹിക്കുന്നവരാണ്. സ്നേഹവും സഹോദര്യവുമെല്ലാം തരുന്നവരാണ് ഇവിടുത്തെ ഭരണാധികാരികള്‍. ജീവിത പ്രശ്നങ്ങള്‍ മാത്രമാണ് ഇവിടുത്തെ രാഷ്ട്രീയമെന്നും യൂസഫലി പറയുന്നു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും പിണറായി സർക്കാർ തുടർ ഭരണം നേടുമെന്നു സാംസ്കാരിക മന്ത്രി സജി ചെറിയാനും പറഞ്ഞു. 2026ലും പിണറായി വിജയൻ തന്നെയാകും മുഖ്യമന്ത്രി. ജിസിസി രാജ്യങ്ങളിൽ മുഖ്യമന്ത്രി നേരിട്ടു പങ്കെടുത്ത കേരളോത്സവത്തിലെ ജനക്കൂട്ടം അതാണ് സാക്ഷ്യപ്പെടുത്തുന്നത്. 2026 കഴിഞ്ഞാലും പിണറായി വിജയൻ മുഖ്യമന്ത്രിയായി വീണ്ടും ദുബായിൽ എത്തുമെന്നും സജി ചെറിയാൻ പറഞ്ഞു.
യുഎഇയുടെ 54ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഓർമയുടെ നേതൃത്വത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ദുബായ് അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ ആണ് കേരളോത്സവം നടക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ, കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, എം.എ. യൂസഫലി, ഡോ. ആസാദ് മൂപ്പൻ, ഡോ. കെ.പി. ഹുസൈൻ, നോർക്ക ഡയറക്റ്റർ ഒ.വി. മുസ്തഫ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കിഫ്ബി മസാല ബോണ്ടിലെ ഇഡി നോട്ടീസ് പരാമർശിക്കാതെ കിഫ്ബിയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് സംസാരിച്ചത്. സംസ്ഥാനത്തിന്റെ പശ്ചാത്തല അടിസ്ഥാന സൗകര്യ വികസനത്തിന് തൊണ്ണൂറ്റി ആറായിരം കോടി കിഫ്ബി വഴി ചെലവിട്ടു. സ്റ്റാർട്ട് അപ്പ് പറുദീസയായി കേരളം മാറിയെന്നും, തുടർഭരണം ആണ് ഇന്ന് കാണുന്ന നേട്ടങ്ങൾക്ക് കേരളത്തെ സഹായിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.കിഫ്ബി പണം ഉപയോഗിച്ചാണ് ദേശീയപാതാ വികസനത്തിന് മാത്രം 5600 കോടി രൂപ നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
2016ൽ ഗതികേടിലായിരുന്നു നമ്മുടെ ആരോഗ്യരംഗം. തുടർഭരണമാണ് ഇന്ന് കാണുന്ന നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തെ സഹായിച്ചത്. കിഫ്ബി വഴി ചെലവാക്കിയതിന്റെ തെളിവ് കേരളത്തിൽ നോക്കിയാൽ കാണാമെന്നും ഒന്നിച്ചു നിൽക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോക കേരളസഭയോട് സഹകരിക്കാൻ നേരത്തേ ചിലർ വിമുഖത കാണിച്ചിരുന്നു. ഇനി ആ ബുദ്ധിമോശം ആവർത്തിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ലോക കേരള സഭ നടക്കാൻ പോകുന്നത് കൂടി സൂചിപ്പിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.













