നിമിഷപ്രിയയുടെ മോചനം; യെമനിലേക്ക് മധ്യസ്ഥ സംഘത്തെ അയയ്ക്കണമെന്ന് ആവശ്യം

വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനത്തിനുള്ള ചർച്ചയ്ക്കായി മധ്യസ്ഥ സംഘത്തെ യെമനിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ കേന്ദ്രസർക്കാരിന് നിവേദനം നൽകി. കഴിഞ്ഞ ദിവസം യെമനിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ഇതിനെ തുടർന്നാണ് ആക്ഷൻ കൗൺസിലിന്റെ പ്രതിനിധികളായി കെ.ആർ.സുഭാഷ് ചന്ദ്രൻ, എൻ.കെ.കുഞ്ഞമ്മദ് കൂരാച്ചുണ്ട്, സജീവ് കുമാർ എന്നിവരെയും കാന്തപുരം എ.പി.അബൂബക്കർ മുസല്യാരുടെ പ്രതിനിധികളായി ഹുസൈൻ സഖാഫി, ഹാമിദ് എന്നിവരെയും ഉൾപ്പെടുത്തി മധ്യസ്ഥ സംഘത്തെ അയയ്ക്കണമെന്ന ആവശ്യം ഉയർന്നത്. സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാനാണ് ഹുസൈൻ സഖാഫി. ഇസ്ലാം പണ്ഡിതനും യെമൻ വിദഗ്ധനുമാണു ഹാമിദ്. രണ്ട് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.