കുതിക്കുന്ന വീട്ടുവാടകക്ക് ആശ്വാസമായി; ദുബായിൽ ഹൗസിങ് യൂണിറ്റുകൾ ഉടൻ വിപണിയിലെത്തും

ദുബായില്‍ കുതിച്ച് കയറുന്ന വീട്ടുവാടകയ്ക്ക് ആശ്വാസമായി ആയിരക്കണക്കിന് ഹൗസിങ് യൂണിറ്റുകള്‍ ഉടനെ വിപണിയില്‍ എത്തും. പുതിയ താമസ കേന്ദ്രങ്ങള്‍ ലഭ്യമായിത്തുടങ്ങിയതോടെ വിവിധ മേഖലകളില്‍ വാടകയില്‍ നേരിയ കുറവ് രേഖപ്പെടുത്തി തുടങ്ങിയതായി യുഎഇയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിർമാണ മേഖലയില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് ദുബായില്‍ നടന്നുവരുന്നത്. ഇതില്‍ ഏറെയും താമസ കെട്ടിടങ്ങളാണ്. 17,300 ഹൗസിങ് യൂണിറ്റുകള്‍ പുതുതായി വിപണിയിലെത്തിക്കഴിഞ്ഞു. 61,800 യൂണിറ്റുകള്‍ ഇപ്പോള്‍ നിര്‍മാണ ഘട്ടത്തിലാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം യൂണിറ്റുകളാകും ദുബായില്‍ പൂര്‍ത്തിയാവുക. ഇതോടെ താമസകേന്ദ്രങ്ങളുടെ ലഭ്യത വലിയ തോതില്‍ വര്‍ദ്ധിക്കും. ഇത് താമസവാടകയില്‍ കുറവ് ഉണ്ടാകാന്‍ കാരണമാകും.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ആദ്യ അറ് മാസങ്ങളില്‍ ദുബായിലെ വാടകയില്‍ 0.6 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. എന്നാല്‍ പല മേഖലകളിലും ഇപ്പോഴും വാടക ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്.
പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍മ്മാണ മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ക്കും വഴി തുറന്നിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ആയിരക്കണത്തിന് പുതിയ തൊഴിലവസരങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു. ഇതോടെ കൂടുതല്‍ പ്രവാസികള്‍ ദുബായിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.