അമേരിക്കക്കും ബ്രിട്ടനും മുന്നറിയിപ്പ് നൽകി ഹൂതികൾ; വീണ്ടും അമേരിക്കൻ പിന്തുണയുള്ള സിറിയൻ ക്യാമ്പിൽ ആക്രമണം, 6 പേർ കൊല്ലപ്പെട്ടു…
അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത സേനയ്ക്ക് യെമൻ സൈന്യം ഒരു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഫലസ്തീനികള്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന കാരണത്താല്‍ തങ്ങളുടെ രാജ്യത്ത് തുടരെ നടത്തുന്ന ആക്രമണങ്ങളില്‍ ഇരു രാജ്യങ്ങളുടെയും സൈന്യം തിരിച്ചടി കിട്ടാതെ മടങ്ങി പോവില്ലെന്നാണ് ആ മുന്നറിയിപ്പ്. യെമനിലെ സനാ, ഹുദൈദ, സഅദ, അല്‍ ബൈദ, തായ്സ്, ലാഹിജ് പ്രവിശ്യകളിലായി അമേരിക്കൻ ബ്രിട്ടീഷ് സൈന്യങ്ങള്‍ 48 വ്യോമാക്രമണം നടത്തിയതായി യെമന്‍ ആര്‍മി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്യ സാരി പറഞ്ഞു.
‘അക്രമികളുടെ റെയ്ഡുകള്‍ക്ക് ഞങ്ങൾ മറുപടി കൊടുക്കാതെ ഇരിക്കില്ലയെന്നും, സയണിസ്റ്റുകളുടെ അധിനിവേശത്തിനും കുറ്റകൃത്യങ്ങള്‍ക്കും എതിരെ ഫലസ്തീനികള്‍ക്ക് പിന്തുണ കൊടുക്കുന്നതിൽ നിന്നും യെമന്‍ ഒരിഞ്ച് പോലും പിന്നോട്ട് പോകില്ല എന്നും യഹ്യ സാരി പറയുന്നു. ഓസ്ട്രേലിയ, ബഹ്റൈന്‍, കാനഡ, ഡെന്മാര്ക്ക്, നെതര്‍ലാന്‍ഡ്സ്, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയാണ് അമേരിക്കയും ബ്രിട്ടനും യെമനില്‍ വ്യോമാക്രമണം നടത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം യെമനിലെ ഭൂഗര്‍ഭ സംഭരണ സൗകര്യങ്ങള്‍, കമാന്‍ഡ് ആന്‍ഡ് കണ്ട്രോള്, മിസൈല്‍ സംവിധാനങ്ങള്‍, ഓപ്പറേഷന് സൈറ്റുകള്‍, റഡാറുകള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയെ ലക്ഷ്യം വെച്ചാണ് വ്യോമാക്രമണം നടത്തിയതെന്ന് അമേരിക്കൻ സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയിറക്കി.
ഫലസ്തീന് അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള യെമന്റെ കഴിവുകളെ ഇല്ലാതാക്കുക എന്നതാണ് തങ്ങളുടെ ആക്രമണത്തിന് പിന്നിലെ ഉദ്ദേശമെന്നും സെന്‍ട്രല്‍ കമാന്‍ഡ് പറയുന്നു. യെമനില്‍ നടത്തിയ ഈ ആക്രമണം ഹൂത്തികള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കുമെന്നും അന്താരാഷ്ട്ര കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഇനിയും പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ഓസ്റ്റിന്‍ പറയുന്നുണ്ട്.
യെമൻ നൽകിയ ഈ മുന്നറിയിപ്പിന് ശേഷം സിറിയയിലെ എസ് ഡി എഫ് പരിശീലന കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് പേര് മരിച്ചിട്ടുണ്ട്. അമേരിക്കയുടെ പിന്തുണയുള്ള കുര്‍ദിഷ് സായുധസംഘത്തിലെ ആറുപേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ യഥാർത്ഥത്തിൽ സിറിയയിലെ ദെയര്‍ അസ് സോര്‍ പ്രവിശ്യയിലെ പരിശീലന കേന്ദ്രമായിരുന്നു ഈ ആക്രമണത്തിൻറെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കൻ സൈന്യം ആ പരിശീലന കേന്ദ്രത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇറാന്റെ പിന്തുണയുള്ള നിരന്തരം ഡ്രോണ്‍ അക്രമങ്ങള്‍ ഉണ്ടാവാറുള്ള ഭാഗത്ത് നിന്നാണ് ഈ ഡ്രോണും വന്നതെന്ന് പ്രദേശവാസികള്‍ പറയുന്നുണ്ട്.
ഈ ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കതൈബ് ഹിസ്ബുല്ല പോലുള്ള സായുധ സംഘങ്ങള്‍ ഉള്‍പെടുന്ന ഒരു ഗ്രൂപ്പ് രംഗത്ത് വന്നിട്ടുണ്ട്. അധിനിവേശത്തെ ചെറുക്കുന്നതിനുള്ള തങ്ങളുടെ സമീപനത്തിന്റെ തുടര്‍ച്ചയാണ് ഈ അക്രമമെന്ന് അവർ പറയുന്നു. കഴിഞ്ഞ ആഴ്ച സിറിയന്‍ അതിര്‍ത്തിക്കടുത്തുള്ള വടക്കു കിഴക്കന്‍ ജോര്‍ദാനില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വവും ഈ സംഘം ഏറ്റെടുത്തിരുന്നു. അമേരിക്കയുടെ മൂന്ന് സൈനികരായിരുന്നു അന്നത്തെ ഡ്രോണ്‍ അക്രമത്തില്‍ കൊല്ലപ്പെട്ടത്.