കോട്ടയം നഗരസഭയിലെ തട്ടിപ്പ്; എല്.ഡി.എഫ് അനിശ്ചിതകാല സമരത്തിന്
നഗരസഭ ജീവനക്കാരൻ പെൻഷൻ ഫണ്ടില് തിരിമറി നടത്തിയ സംഭവത്തില് അടിയന്തിര കൗണ്സില് വിളിക്കാൻ ആവശ്യപ്പെട്ട് എല്.ഡി.എഫ് അനിശ്ചിതകാല സമരത്തിന്.
വിഷയം ചർച്ച ചെയ്യാൻ കൗണ്സില് വിളിക്കുംവരെ മുനിസിപ്പല് ഓഫിസിനുമുന്നില് പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. തിങ്കളാഴ്ച എല്.ഡി.എഫ് കൗണ്സിലർമാർ നടത്തിയ പ്രതിഷേധം സി.പി.എം ഏരിയ സെക്രട്ടറി ബി. ശശികുമാർ ഉദ്ഘാടനം ചെയ്തു.
കൗണ്സിലർ ജോസ് പള്ളിക്കുന്നേല് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് മുൻ ക്ലർക്ക് അഖില് സി. വർഗീസ് പെൻഷൻ വകയില് മൂന്നുകോടിയിലേറെ രൂപ തന്റെ അമ്മയുടെ പേരിലേക്ക് മാറ്റിയതായി കണ്ടെത്തിയത്. പെൻഷൻ വാങ്ങിയിരുന്ന സ്ത്രീ മരിച്ചുപോയതിനെതുടർന്ന് ആ വിവരം കാണിക്കാതെ തന്റെ അമ്മയുടെ പേരും അക്കൗണ്ടും ചേർത്ത് മാസം ഏഴുലക്ഷം രൂപവരെ തട്ടിയെടുക്കുകയായിരുന്നു. ഭരണസമിതി അറിയാതെ ഇത്തരത്തില് ഒരു ജീവനക്കാരന് തട്ടിപ്പ് നടത്താനാവില്ലെന്നാണ് എല്.ഡി.എഫിന്റെ ആക്ഷേപം. തട്ടിപ്പിന്റെ പ്രാരംഭവിവരങ്ങള് മാത്രമേ പുറത്തുവന്നിട്ടുള്ളൂ.
പ്രതിക്ക് ഒളിവില് പോകാൻ എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്ന നടപടിയാണ് ചെയർപേഴ്സന്റെ ഭാഗത്തുനിന്നുണ്ടായത്. വൈക്കം നഗരസഭയില് ജോലി ചെയ്യുന്ന പ്രതി കോട്ടയം നഗരസഭയിലെത്തി ഏഴുലക്ഷം രൂപ തട്ടിയെടുത്തത് ആരും അറിയാതെ വഴിയില്ല. കൊല്ലം കോർപറേഷനില് ജോലി ചെയ്യുമ്ബോള് 40 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ വിവരം പ്രതിയുടെ സർവിസ് ബുക്കിലുണ്ടാവും.
ഇത് മറച്ചുവെച്ച് കോട്ടയത്ത് ജോലിക്ക് വെച്ചതില് ദുരൂഹതയുണ്ട്. ഭരണസമിതിയിലെ പ്രധാനപ്പെട്ട ചിലർക്ക് തട്ടിപ്പില് പങ്കുണ്ട്. കേവലം ഒരാളില് ഒതുങ്ങുന്നതല്ല തട്ടിപ്പിന്റെ വ്യാപ്തി. അടിയന്തിര കൗണ്സില് വിളിക്കാനാവശ്യപ്പെട്ട് തങ്ങള് നോട്ടീസ് നല്കിയതായും പ്രതിപക്ഷനേതാവ് അഡ്വ. ഷീജ അനില് പറഞ്ഞു.