പാതിവില തട്ടിപ്പ്: എസ്ഐടി പിരിച്ചുവിട്ടു, അന്വേഷണ സംഘത്തലവനെ മാറ്റി

പാതിവില തട്ടിപ്പുകേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ പിരിച്ചു വിട്ടു. കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന കൊച്ചി ക്രൈംബ്രാഞ്ച് എസ്പി എം ജെ സോജനെ വിജിലന്‍സിനെ മാറ്റി നിയമിച്ചു. വിജിലന്‍സ് സ്പെഷല്‍ എസ്പിയായാണ് മാറ്റിയത്. പകരം സംഘത്തലവനെ നിയമിക്കണമെന്ന നിർദേശം സർക്കാർ തള്ളി. കേസ് അതത് ക്രൈംബ്രാഞ്ച് യൂണിറ്റുകള്‍ ഇനി അന്വേഷിച്ചാല്‍ മതിയെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്.
കേരളം കണ്ട വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നായിരുന്നു പാതിവില തട്ടിപ്പ്. തയ്യല്‍ മെഷീന് മുതല്‍ സ്കൂട്ടര്‍ വരെ പാതി വിലയ്ക്ക് വാഗ്ദാനം ചെയ്തായിരുന്നു ഈ തട്ടിപ്പ് നടത്തിയത്. സാധാരണക്കാരും വീട്ടമ്മമാരും ഉള്‍പ്പെടെ നിരവധി പേരാണ് തട്ടിപ്പിന് ഇരയായത്. തട്ടിപ്പ് വലിയ ചര്‍ച്ചയായതോടെയാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് എസ് പി സോജന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് നാഷണല്‍ എന്‍ജിഒ ചെയര്മാന് കെ എന്‍ ആനന്ദകുമാര്‍, പൊതു പ്രവര്‍ത്തകനായ അനന്തു കൃഷ്ണന് എന്നിവരായിരുന്നു മുഖ്യപ്രതികള്‍. ഇവരെ അറസ്റ്റ് ചെയ്യുകയും സ്വത്ത് പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികള്‍ നടത്തിയിരുന്നു. കേസന്വേഷണം മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് ഇപ്പോൾ അന്വേഷണ സംഘത്തലവനെ മാറ്റിയിരിക്കുന്നത്.
കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ പുതിയ അന്വേഷണ സംഘതലവനെ നിയമിക്കണമെന്നും, അല്ലെങ്കില്‍ അന്വേഷണം അട്ടിമറിക്കപ്പെടാനിടയാക്കുമെന്നും, അന്വേഷണം അവതാളത്തിലാകുമെന്നും ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കേസുകള്‍ ഒറ്റ എഫ്ഐആര്‍ ആക്കണമെന്ന് ആനന്ദകുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ആ ഹര്‍ജിയില്‍ പ്രത്യേക അന്വേഷണ സംഘം നിലവിലില്ലെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ളത് എന്നാണ് വിവരം.