കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന് വ്യവസ്ഥകളോടെ ജാമ്യം

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ മുന്‍ നേതാവുമായ എന്‍ ഭാസുരാംഗന് വ്യവസ്ഥകളോടെ ജാമ്യം ലഭിച്ചു. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസില്‍ സുപ്രീംകോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കണ്ടല ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഭാസുരാംഗന് ഹൈക്കോടതി കഴിഞ്ഞ മാസം ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ജാമ്യം അനുവദിക്കണമെന്ന് ഭാസുരാംഗന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ആര് ബസന്ത് സുപ്രീംകോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.
ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചുമത്തിയ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു എന്‍ ഭാസുരാംഗന്റെ പ്രധാന വാദം. കുറ്റകൃത്യം നടത്തി പണം തട്ടിയെടുക്കണമെന്ന ഉദ്ദേശമില്ല. സഹകരണ വകുപ്പിന് കീഴില്‍ നിയമാനുസൃതമാണ് വായ്പകള്‍ നല്‍കിയത്. ബാങ്ക് പ്രസിഡന്റ് സ്ഥാനത്തിരുന്ന് കുറ്റകൃത്യം വഴി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നതിന് തെളിവില്ല. സാമ്പത്തിക തട്ടിപ്പ് നടത്തണമെന്നതിന് കുറ്റകരമായ ഉദ്ദേശമുണ്ടായിരുന്നില്ല. സിവില്‍ നിയമത്തിന്റെ കീഴില്‍ വരുന്ന സാമ്പത്തിക തര്‍ക്കം മാത്രമാണിത്. ക്രിമിനല്‍ കുറ്റകൃത്യം നിലനില്‍ക്കില്ലെന്നുമായിരുന്നു എന്‍ ഭാസുരാംഗന്റെ അഭിഭാഷകരുടെ വാദം.