സച്ചിൻറേയും ഗാംഗുലിയുടേയും കണ്ണീർ വീണ 2003; പക വീട്ടാൻ ടീം ഇന്ത്യ ഇറങ്ങുന്നു..
ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരതിൽ ഇന്ത്യയും ഓസ്ട്രേലിയേയുമാണ് ഏറ്റുമുട്ടുന്നത്. ഞായറാഴ്ച ഉച്ചക്ക് 2 മണി മുതലാണ് ഫൈനൽ ആരംഭിക്കുന്നത്. ഒരൊറ്റ മത്സരം പോലും തോൽക്കാതെ ആധികാരികമായ വിജയങ്ങളുമായാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. എന്നാൽ ഓസ്ട്രേലിയാ ആദ്യത്തെ രണ്ട് മത്സരങ്ങളിൽ തോൽവി അറിഞ്ഞശേഷം, വലിയൊരു തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത് . പിന്നീട് ഒരൊറ്റ മത്സരം പോലും തോൽക്കാതെയാണ് അവർ ഫൈനലിലേക്ക് എത്തിയത്.
ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ ഉപോയോഗിച്ച അതെ പിച്ചിൽ ആയിരിക്കും ഫൈനലും നടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 1,32,000 പേര്‍ക്ക് ഇരുന്നു കളി കാണാൻ സൗകര്യമുള്ളതാണ് ഈ സ്റ്റേഡിയം. ഇപ്പോൾ പുത്തൻ ഭാവത്തില്‍ നില്ക്കുന്ന സ്റ്റേഡിയത്തില്‍ ഇന്ത്യ- ഓസ്ട്രേലിയ ലോകകപ്പ് ഫൈനല്‍ നടക്കുമ്ബോള്‍ സ്റ്റേഡിയത്തിലെ പിച്ച് ആരെ തുണയ്ക്കുമെന്നു അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
ഫൈനലിനു മുൻപ് ഈ ലോകകപ്പില്‍ നാല് മത്സരങ്ങളാണ് ഇവിടെ നടന്നത്. മൂന്ന് തവണയും രണ്ടാമത് ബാറ്റ് ചെയ്ത ടീം വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്തു ഇവിടെ വിജയിച്ച ടീം ഓസ്ട്രേലിയ മാത്രമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ അവര്‍ ആദ്യം ബാറ്റ് ചെയ്തു നേടിയത് 286 റണ്‍സാണ്. ഇവിടെ അരങ്ങേറിയ നാല് മത്സരങ്ങളിലും സ്കോര്‍ 300 കടന്നിട്ടില്ല. ഇവിടുത്തെ ശരാശരി 251 റണ്‍സ് ആണ്. ഉയര്‍ന്ന സ്കോര്‍ ഓസീസ് നേടിയ 286 തന്നെയാണ്. പൊതുവെ പേസിനെ തുണയ്ക്കുന്ന പിച്ചാണ് ഇവിടുള്ളത്. നാല് കളിയില്‍ വീണത് 58 വിക്കറ്റുകള്‍. 35 വിക്കറ്റുകളും നേടിയത് പേസര്‍മാര്‍ തന്നെയാണ്. 22 വിക്കറ്റുകളാണ് ആകെ സ്പിന്നര്‍മാര്‍ വീഴ്ത്തിയത്. 2011 ലെ ലോകകപ്പിൽ ഇന്ത്യയും ഓസ്ട്രേലിയയും ക്വാര്‍ട്ടർ ഫൈനലിൽ ഈ സ്റ്റേഡിയത്തിലാണ് ഏറ്റുമുട്ടിയത്. അന്ന് ജയം ഇന്ത്യക്കൊപ്പം നിന്നു. സെമിയും കടന്ന് ഫൈനലിലും പിന്നീട് ലോക കിരീടവുമായാണ് ഇന്ത്യ അന്ന് അവസാനിപ്പിച്ചത്. ഇത്തവണ ആ നേട്ടം ആവര്‍ത്തിക്കുമോ എന്നറിയാൻ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്.
ഈ ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ, ഇന്ത്യക്കാർ ഒരിക്കലും മറക്കാത്തൊരു മത്സരമാണ് 2003 ലെ വേൾഡ് കപ്പ് ഫൈനൽ. ഇന്ത്യൻ ബോളര്‍മാരെ സ്കൂൾ കുട്ടികളെ പോലെ ഗ്രൗണ്ടിന് പുറത്തേക്ക് അടിച്ച് പറത്തിയ ഒരു മത്സരം. അതിക്രൂരമായൊരു ഒരു കൊലപാതകം നിസ്സഹായതയോടെ കണ്ടുനിൽക്കേണ്ടി വന്നൊരു അവസ്ഥയായിരുന്നു അന്ന് ആ മത്സരം കണ്ടവർക്ക്. ബാറ്റിംഗ് തുടങ്ങിയ ഗിൽക്രിസ്റ്റും, ഹെയ്ഡനും ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചു. പിന്നീട് ഹർഭജൻ രണ്ടു പേരെയും പുറത്താക്കുകയായിരുന്നു. എന്നാൽ പിന്നീടാണ് യഥാർത്ഥ കൊലപാതകം അരങ്ങേറിയത്. ഡാമിയൻ മാർട്ടിനും, റിക്കി പോണ്ടിങ്ങും ചേർന്ന് ഒരു സംഹാരതാണ്ഡവം തന്നെയാണ് അവിടെ നടത്തിയത്. സകല ബൗളര്‍മാരെയും അവർ അടിച്ച് ഒതുക്കുകയായിരുന്നു. ആശിഷ് നെഹ്റയെ സിക്സറിന് പറത്തിയിട്ട്, ഡാമിയൻ മാർട്ടിനും റിക്കി പോണ്ടിങ്ങും കൂടെ പൊട്ടിച്ചിരിക്കുന്നൊരു കാഴ്ച ഇപ്പോളും പലരും ഓർക്കുന്നുണ്ടാകും. രണ്ട് വിക്കറ്റിന് 359 റൺസാണ് അവർ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിൽ ഒരു ബൗണ്ടറി അടിച്ചശേഷം അടുത്ത പന്തിൽ സച്ചിൻ പുറത്തായതോടെ ഇന്ത്യൻ ടീം തകർന്നത് പോലെ ആയിരുന്നു. സെവാഗ്, ദ്രാവിഡ്, ഗാംഗുലി, യുവരാജ് എന്നിവർ സ്കോർ ചെയ്തെങ്കിലും 125 റൺസ് എന്ന വലിയ മാർജിനിൽ ഓസ്ട്രേലിയ മത്സരം വിജയിച്ചു.
ഈ മത്സരത്തിൽ ഉടനീളം ഒരു മേധാവിത്വം ഓസീസ് പുലർത്തിയിരുന്നു. അവരുടെ ശരീരഭാഷയും അങ്ങനെ തന്നെയായിരുന്നു. ഒരു പുശ്ചഭാവത്തോട് തന്നെ ആയിരുന്നു അവരുടെ സമീപനം. ഇന്ത്യൻ ആരാധകർ ഇത്രയും മെന്റലി ഡൌൺ ആയി മറ്റൊരു ക്രിക്കറ്റ് മാച്ച് കണ്ടിട്ടുണ്ടാവില്ല എന്ന് തന്നെ പറയാം. പ്രത്യേകിച്ചും പോണ്ടിങ് – മാർട്ടിൻ കൂട്ടുകെട്ട് ഇന്ത്യയെ അക്ഷരാർത്ഥത്തിൽ വലിച്ച് കീറുകയായിരുന്നു.
സച്ചിൻ, സെവാഗ്, ഗാംഗുലി, ദ്രാവിഡ്, കുംബ്ലെ ഒക്കെ ഒന്നുമല്ലാതായിപ്പോയ ഒരു മത്സരം..
.
ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിൽ രണ്ടാം തവണ മാത്രമാണ് ഒരേ ടീമുകൾ തമ്മിൽ ഫൈനൽ ആവർത്തിക്കുന്നത്. 96 ലും, 2007 ലും ഓസ്ട്രേലിയ ശ്രീലങ്ക ഫൈനൽ വന്നിരുന്നു. ഇപ്പൊൾ ഇന്ത്യ ഓസ്ട്രേലിയ ഫൈനൽ രണ്ടാം വട്ടം ആണ് വരുന്നത്. ഒരു മാറ്റം എന്തെന്നാൽ അന്നത്തെ ഓസ്ട്രേലിയൻ ടീമിൻറെ അവസ്ഥയാണ് ഇന്ന് ഇന്ത്യക്ക് ഉള്ളത്. അത്രക്ക് ഫോമിലാണ് ഓരോ കളിക്കാരും. 20 വർഷം മുന്നേയുള്ള ആ ദുരന്തസ്മരണകൾ മായ്ച്ച് കളയാൻ കിട്ടിയ ഒരു സുവർണ്ണാവസരം തന്നെയാണ് ഇത്. അന്നത്തെ ആ അവഹേളനത്തിന് അതെ രീതിയിൽ മറുപടി നൽകാൻ ഇന്ന് ഇന്ത്യക്ക് കഴിയും. രോഹിത് ശർമ്മയോ, കോഹ്ലിയോ, ഗില്ലോ, രാഹുലോ, ശ്രേയസ് അയ്യരോ അത് ചെയ്തേക്കാം. ഇനി ഇവരൊക്കെ പരാജയപ്പെട്ടാൽ ഇന്ത്യക്ക് മറ്റൊരു വജ്രായുധം കൂടിയുണ്ട്. ആറാമനായി ഇറങ്ങുന്ന സൂര്യകുമാർ യാദവിൻറെ ഒരു മികച്ച ഇന്നിംഗ്സ് മതി ഓസീസിന് മറുപടി നൽകാൻ. അങ്ങനെ വന്നാൽ, ഒരു ഇന്ത്യൻ ക്രിക്കറ്റ് പ്രേമിയെ സംബന്ധിച്ച് ഏറെനാൾ കാത്തിരുന്ന ഒരു പക വീട്ടലിന്റെ അവസാനം കൂടിയായിരിക്കും നാളത്തെ ഫൈനൽ.
നിസ്സഹായതയോടെ അന്നത്തെ ടീമിൽ ഉണ്ടായിരുന്ന രാഹുൽ ദ്രാവിഡ് മികച്ച കോച്ച് ആയി മാറുന്ന ലോകകപ്പിൽ, എക്കാലത്തെയും മികച്ച ബാറ്ററെന്ന പേരുമായി വിരാട് കോഹ്ലിയും, മികച്ച ബൗളർ ആയി മുഹമ്മദ് ഷമിയും ഉണ്ടാകട്ടെ. കപിൽദേവിനും, ധോണിക്കും ശേഷം രോഹിത് ശർമ്മ ലോകകപ്പ് ഉയർത്തുന്ന മൂന്നാമത്തെ ക്യാപ്റ്റൻ ആകട്ടെ.
ഒരു ചരിത്രം കൂടി ഇന്ത്യക്ക് തിരുത്താനുണ്ട്. റിചാർഡ് കെറ്റിൽബ്രോ എന്ന അമ്പയർ.. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഒരിക്കൽ പോലും ഈ അമ്പയറിന്റെ പേര് മറക്കില്ല. മികച്ച അമ്പയരാണ് അദ്ദേഹം. എന്നാൽ അദ്ദേഹം നിയന്ത്രിച്ച ഐ സി സി നോക്കൗട്ട് മത്സരങ്ങളിൽ എല്ലാം ഇന്ത്യൻ ടീം തോറ്റിട്ടുണ്ട് എന്നതാണ് ചരിത്രം. ആരാധകർ ഏറെ കാത്തിരിക്കുന്ന ഈ ലോകക്കപ്പ് ഫൈനൽ നിയന്ത്രിക്കുന്നത് അദ്ദേഹം തന്നെയാണ്. എന്തായാലും അത്തരം അന്ധവിശ്വാസങ്ങൾ എല്ലാം നമുക്ക് മാറ്റിവെക്കാം. നവംബർ 19 ന്ന് അഹമ്മദാബാദിൽ കിരീടം ഉയർത്തുന്ന ആ ടീം ഇന്ത്യക്കായി നമുക്ക് കാത്തിരിക്കാം.