2026 ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മത്സരങ്ങളുടെ പെരുമഴ; ധോണിയുടെ പിൻഗാമിയാകാൻ തയ്യാറെടുത്ത് സഞ്ജു സാംസൺ
2025 ലെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ നേട്ടങ്ങളിൽ ഒന്നായിരുന്നു ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയത്. അതേപോലെ മറക്കാനാവാത്തതാണ് ടി 20 യിൽ നേടിയ ഏഷ്യ കപ്പും. വിരാട് കോഹ്ലിയും രോഹിത് ശർമയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച കാര്യങ്ങൾ 2025 ന്റെ നഷ്ടങ്ങളിൽ ഉൾപ്പെടുത്താം. വനിതാ ടീമിനെ സംബന്ധിച്ചിടത്തോളം ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഏകദിന ലോകകപ്പ് കിരീടം ഉയർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ നേട്ടം.
ഈ വർഷത്തിൽ അതായത് 2026 ൽ, ഇന്ത്യയുടെ പ്രധാനമായും പങ്കെടുക്കുന്നത് വൈറ്റ് ബോൾ ക്രിക്കറ്റിലായിരിക്കും. അടുത്ത 12 മാസത്തിനിടെ വെറും അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യക്ക് ഉള്ളത്. എന്നാൽ ടി20 ലോകകപ്പ്, ഐപിഎൽ എന്നിങ്ങനെ സംഭവബഹുലമാണ് ടി 20 ക്രിക്കറ്റ് കലണ്ടർ.
അതേപോലെ ഏകദിന മത്സരങ്ങളും ഇന്ത്യ കൂടുതലായി കളിക്കുന്നുണ്ട്. വിരാട് കോഹ്ലിയുടെയും രോഹിത് ശർമ്മയുടെയും പ്രകടനം ഇനി പൂർണമായും ഏകദിന ഫോർമാറ്റിൽ ആയിരിക്കും നമ്മൾ കാണുന്നത്.
ജനുവരിയിൽ തന്നെ ഇന്ത്യ ന്യൂസിലൻഡിനെതിരെ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും കളിക്കും. ഈ പരമ്പര ലോകകപ്പിന് മുന്നോടിയായുള്ള പ്രധാന പരീക്ഷണമാകും.
ഫെബ്രുവരിയിൽ ടി20 ലോകകപ്പ് അരങ്ങേറും. ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ അമേരിക്ക, നമീബിയ, പാകിസ്ഥാൻ, നെതർലാൻഡ്സ് എന്നീ ടീമുകളെ നേരിടും.
പിന്നീട് മാർച്ച് മുതൽ മേയ് വരെ ഐപിഎൽ മാമാങ്കമാണ് നടക്കുന്നത്. ഐപിഎൽ 2026 സീസണിൽ ലോകത്തെ മികച്ച താരങ്ങൾ എല്ലാം അണിനിരക്കും. ഇന്ത്യക്കാരും വിദേശികളുമായ യുവതാരങ്ങൾക്ക്, കഴിവ് തെളിയിക്കാനും ദേശീയ ടീമിലേക്കുള്ള വഴി തുറക്കാനും ഉള്ള പ്രധാന വേദി ആണ് ഐപിഎൽ.
ജൂൺ മാസത്തിൽ അഫ്ഗാനിസ്ഥാന് എതിരെ രേ ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും ഇന്ത്യയിൽ നടക്കും. ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടി20യും മൂന്ന് ഏകദിനങ്ങളും ഉൾപ്പെടുന്ന പര്യടനം നടക്കും. കഴിഞ്ഞ വര്ഷം നടന്ന ടെസ്റ്റ് പരമ്പരയിൽ ആവേശകരമായ സമനില പിടിച്ച ടീമിന് ഈ വർഷവും മികച്ച പ്രകടനം നടത്താനാവും എന്നാണ് പ്രതീക്ഷ.
ഓഗസ്റ്റിൽ ശ്രീലങ്കയിലേക്കാണ് ഇന്ത്യൻ ടീം പോകുന്നത്. രണ്ടു ടെസ്റ്റ് മത്സരങ്ങൾ ആണ് ശ്രീലങ്കയിൽ കളിക്കുന്നത്.
സെപ്റ്റംബർ മുതൽ ഇന്ത്യയും അഫ്ഘാനിസ്ഥാനും മൂന്നു ടി 20 മത്സരങ്ങളടങ്ങിയ പരമ്പരയിൽ പങ്കെടുക്കും. വിദേശത്തു നടക്കുന്ന പരമ്പരയുടെ വിശദവിവരങ്ങൾ ഇത് വരെ ലഭ്യമായിട്ടില്ല. ഏഷ്യൻ ഗെയിംസും 2026ലെ തിരക്കേറിയ ക്രിക്കറ്റ് ഷെഡ്യൂളിൽ ഇടം പിടിക്കുന്നുണ്ട്.
മലയാളി താരം സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളവും സംഭവ ബഹുലമായിരിക്കും 2026. ഏറ്റവുമൊടുവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ടി 20 യിലെ പ്രകടനത്തോടെ ടി 20 ടീമിൽ ഒന്നാം വിക്കറ്റ് കീപ്പറായും ഓപ്പണറായും സ്ഥാനമുറപ്പിക്കാനും സാധിച്ചു. തന്റെ കരിയർ കെട്ടിപ്പടുത്ത രാജസ്ഥാൻ റോയൽസിൽ നിന്നും ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചുവടുമാറിയതും പോയ വർഷത്തെ നിർണായക മാറ്റമാണ്.
2026 സഞ്ജുവിന്റെ കരിയറിന്റെ വിധിയെഴുതുന്ന വര്ഷമായിരിക്കും. ജനുവരിയിൽ നടക്കുന്ന ന്യൂസിലാൻഡിനെതിരെയുള്ള അഞ്ചു മത്സരങ്ങളടങ്ങിയ ടി 20 പരമ്പരയാണ് ആദ്യത്തെ പരീക്ഷ. അതിന് ശേഷം ടി 20 ലോകകപ്പ്. തൊട്ട് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം മഞ്ഞ ജേഴ്സിയിൽ, സാക്ഷാല് എം എസ് ധോണിയുടെ പിൻഗാമിയായി ഐപിഎൽ കളിക്കും.
ഇതിൽ ഏതെങ്കിലും പരമ്പരയിൽ തിളങ്ങാൻ കഴിഞ്ഞാൽ ഇംഗ്ലണ്ടിനെതിരെയും അഫ്ഗാനിസ്ഥാനെതിരെയും വെസ്റ്റ് ഇൻഡീസിനെതിരെയും ശ്രീലങ്കയ്ക്കെതിരെയും നടക്കുന്ന ടി 20 പരമ്പരകളിലും ഏകദിന പരമ്പരകളിലും സ്ഥാനം അവകാശപ്പെടാൻ സഞ്ജുവിന് സാധിക്കും. ഏറെ കാലത്തെ അവഗണനയ്ക്കും കാത്തിരിപ്പുകൾക്കും ശേഷം സഞ്ജുവിന്, 2026 ഒരു സുവർണ്ണ വര്ഷമാകട്ടെ എന്ന് ആഗ്രഹിക്കാം.













