രോഹിതിന് തകർപ്പൻ സെഞ്ച്വറി; ജദേജക്ക് അർധ സെഞ്ച്വറി
വൻ തകർച്ചയിൽ നിന്ന് ടീമിനെ കൈപിടിച്ചുയർത്തി രോഹിത് ശർമയും രവീന്ദ്ര ജദേജയും. രോഹിതിന്റെ തകർപ്പൻ സെഞ്ച്വറിയും(106*) ജദേജയുടെ അർധ സെഞ്ച്വറിയുമാണ് (68*) ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്കെത്തിച്ചത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിൽ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 55 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തിട്ടുണ്ട്. 167 പന്തിൽ 11 ഫോറും രണ്ടു സിക്സും ഉൾപ്പെടെ 106 റൺസെടുത്ത രോഹിത്തും 132 പന്തുകൾ നിന്ന് ആറ് ഫോറും ഒരു സിക്സും ഉൾപ്പെടെ 69 റൺസെടുത്ത ജദേജയുമാണ് ക്രീസിൽ.
33 ന് 3 എന്ന നിലയിൽ നിന്നാണ് രോഹിതും ജദേജയും ചേർന്ന് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്കെത്തിച്ചത്. 10 റൺസെടുത്ത ഓപണർ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. മാർക്ക് വുഡിന്റെ പന്തിൽ ജോ റൂട്ട് പിടിച്ചാണ് പുറത്താക്കിയത്. മൂന്നാമനായി ഇറങ്ങിയ ശുഭ്മാൻ ഗിൽ ഒമ്പത് പന്തിൽ റൺസൊന്നും എടുക്കാതെ മാർക്ക് വുഡിന്റെ പന്തിൽ കീപ്പർ ബെൻ ഫോക്സിന് ക്യാച്ച് നൽകി മടങ്ങി. തുടർന്നെത്തിയ രജിത് പട്ടിദാറിനെ (5) ടോം ഹാർട്ലി പുറത്താക്കി.
അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-1 നിലയിലാണ് ഇരുടീമും. സീനിയർ ബാറ്റർമാരായ വിരാട് കോഹ്ലി, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരുടെ അഭാവത്തിൽ പുതുമുഖങ്ങളെ അണിനിരത്തിയാണ് ടീം ഇന്ത്യ ഇറങ്ങിയത്.