അനായാസ ജയവുമായി ഇംഗ്ലണ്ട്; ലോകകപ്പ് സെമി ഫൈനലില്
യുഎസ്എയെ നിലമ്ബരിശാക്കി ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്.
ബാര്ബഡോസില് പത്ത് വിക്കറ്റിന്റെ അനായാസ ജയമാണ് നിലവിലെ ചാമ്ബ്യന്മാര് സ്വന്തമാക്കിയത്. ഗ്രൂപ്പിലെ വെസ്റ്റിന്ഡീസ് – സൗത്താഫ്രിക്ക മത്സരത്തിലെ വിജയികള് ഇംഗ്ലണ്ടിനൊപ്പം സെമിയിലേക്ക് മുന്നേറും. നെറ്റ് റണ്റേറ്റില് വളരെ മുന്നിലായതുകൊണ്ട് തന്നെ ഈ മത്സരത്തിന്റെ ഫലം ഇംഗ്ലണ്ടിന്റെ സെമി ഫൈനല് സാദ്ധ്യതകളെ ബാധിക്കില്ല.
116 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റന് ജോസ് ബട്ലര് 83*(38), ഫിലിപ്പ് സാള്ട്ട് 25*(21) എന്നിവര് പുറത്താകാതെ നിന്നു. ആറ് ഫോറും ഏഴ് സിക്സറുകളും അടങ്ങുന്നതായിരുന്നു ബട്ലറുടെ ഇന്നിംഗ്സ്. യുഎസ്എ നിരയിലെ എല്ലാ ബൗളര്മാരും ബട്ലറുടെ ബാറ്റിന്റെ ചൂടറിഞ്ഞു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത യുഎസ്എ 115ന് അഞ്ച് എന്ന നിലയില് നിന്നാണ് ഒരു റണ് പോലും കൂട്ടിച്ചേര്ക്കാതെ അവസാന അഞ്ച് വിക്കറ്റുകളും നഷ്ടപ്പെടുത്തിയത്. ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര് ക്രിസ് ജോര്ദാന് ഹാട്രിക്കും നേടി. ഇന്ത്യന് വംശജന് നിതീഷ് കുമാര് 30 (24), കൊറി ആന്ഡേഴ്സണ് 29(28) ഹര്മീത് സിംഗ് 21(17) എന്നിവര് മാത്രമാണ് യുഎസ്എ നിരയില് പിടിച്ചുനിന്നത്. ജോര്ദാന് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള് സാം കറന്, ആദില് റഷീദ് എന്നിവര് രണ്ട് വിക്കറ്റ് വീതവും റീസ് ടോപ്ലി, ലിയാം ലിവിംഗ്സ്റ്റണ് എന്നിവര് ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.