സിറാജിനെ വിമര്‍ശിച്ച് ഗാവസ്കര്‍; പിന്നാലെ വായടപ്പിച്ച് മറുപടി
ഇന്ത്യ ഓസീസ് ടെസ്റ്റിൽ ട്രാവിസ് ഹെഡിനെ പുറത്താക്കി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്കറിന് കൂടി മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ബൗളർ മുഹമ്മജ് സിറാജ്. ഓസ്ട്രേലിയയ്ക്കെതിരായ അഡലെയ്ഡ് ടെസ്റ്റില്‍ 157 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ഇന്ത്യ വഴങ്ങിയിരുന്നത്. മറുപടി ബാറ്റിങിന് ഇറങ്ങിയ ഓസീസ് 337 റണ്‍സെടുത്താണ് പുറത്തായത്. ട്രാവിസ് ഹെഡ്ഡിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഓസീസിന് തുണയായത്.
141 പന്തില്‍ നാല് സിക്സും 17 ഫോറും ഉള്‍പ്പടെ 140 റണ്‍സുമായി സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ഹെഡ് മടങ്ങിയത്. അഡലെയ്ഡില്‍ ഇന്ത്യയെ ഭയപ്പെടുത്തുന്ന പ്രകടനം കാഴ്ച വെച്ച ഹെഡിനെ 82-ാം ഓവറില്‍ മുഹമ്മദ് സിറാജ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. സെഞ്ച്വറിയും കടന്ന് കുതിക്കുകയായിരുന്ന ഹെഡ്ഡിനെ വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ശരിക്കും ബുദ്ധിമുട്ടുന്നതാണ് അഡലെയ്ഡില്‍ കാണാനായത്.
82-ാം ഓവറില്‍ മുഹമ്മദ് സിറാജിനെതിരെ ട്രാവിസ് ഹെഡ് ഒരു സിക്സും ബൗണ്ടറിയും നേടിയതോടെ കമന്ററി ബോക്സിലുണ്ടായിരുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ഗാവസ്കറിനെ അതൃപ്തനായി. ക്ഷുഭിതനായ ഗാവസ്കര്‍ കമന്ററിയിലൂടെ പ്രതികരിക്കുകയും ചെയ്തു.
‘തന്നെ എത്രവേണമെങ്കിലും തല്ലിക്കോളൂ എന്ന രീതിയിലാണ് സിറാജ് ഇപ്പോള്‍ പന്തെറിയുന്നതെന്ന് തോന്നുന്നു. നിങ്ങള്‍ ഓഫ് സ്റ്റംപ് ലൈനാണ് ലക്ഷ്യം വെക്കേണ്ടത്. അല്ലാതെ പാഡുകളില്‍ എറിഞ്ഞാല്‍ അടികിട്ടുക തന്നെ ചെയ്യും. നിങ്ങള്‍ തുടര്‍ച്ചയായി അതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്’, ഗാവസ്കര്‍ പറഞ്ഞു.ഗാവസ്കറിന്റെ ഈ വാക്കുകള്‍ക്ക് തൊട്ടടുത്ത പന്തില്‍ തന്നെ ട്രാവിസ് ഹെഡിന്റെ കുറ്റിയിളക്കി സിറാജ് മറുപടി നല്കി. സിറാജിന്റെ തകര്‍പ്പന്‍ യോര്‍ക്കറിന് മുന്നില്‍ ക്ലീന്‍ ബൗള്‍ഡായാണ് ഹെഡ് മടങ്ങിയത്.