ചാമ്പ്യൻസ് ട്രോഫി: ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ താരങ്ങളിറങ്ങിയത് കറുത്ത ആം ബാന്‍ഡ് ധരിച്ച്

ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഓസ്ട്രേലിയയെ നേരിടുകയാണ് ഇന്ത്യ. ദുബായിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അതേസമയം ഇന്ന് ഇന്ത്യ സെമി കളിക്കാൻ ഇറങ്ങിയത് കറുത്ത ആം ബാൻഡ് ധരിച്ചാണ്. അതിന്റെ കാരണം തിരയുകയാണ് ക്രിക്കറ്റ് ആരാധകർ.
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസമായ പദ്മാകർ ശിവാൽകർ കഴിഞ്ഞ ദിവസമാണ് വിടപറഞ്ഞത്. ശിവാൽക്കറോടുള്ള ആദരസൂചകമായാണ് ഇന്ത്യൻ ടീം അംഗങ്ങൾ കറുത്ത ആം ബാൻഡ് അണിഞ്ഞ് കളത്തിലിറങ്ങിയത്. ഇന്ത്യന്‍ ടീമില്‍ അവസരം കിട്ടാതെ പോയ ഏറ്റവും പ്രതിഭയുള്ള സ്പിന്നര്‍ എന്ന് വിലയിരുത്തപ്പെട്ട താരമായിരുന്നു പദ്മാകര്‍ ശിവാല്‍കര്‍. 84 വയസായിരുന്നു അദ്ദേഹത്തിന്. വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് മുംബൈയിലായിരുന്നു മരണം.
മുംബൈയുടെ ഇതിഹാസ സ്പിന്നർ എന്ന് അറിയപ്പെട്ടിരുന്നു ശിവാൽകർ 124 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ നിന്ന് 589 വിക്കറ്റുകൾ നേടിയിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ മുംബൈയുടെ തുടര്‍ച്ചയായ 15 കിരീടനേട്ടങ്ങളുടെ മുഖ്യ ശിൽപികളിൽ ഒരാളായിരുന്നു ശിവാല്‍കര്‍. ഇടം കൈയന്‍ സ്പിന്നറായ അദ്ദേഹം 22-ാം വയസിലാണ് രഞ്ജി ട്രോഫിയില്‍ മുംബൈക്കായി അരങ്ങേറിയത്. രഞ്ജിയില്‍ 48 മത്സരങ്ങളില്‍ നിന്നു 361 വിക്കറ്റുകള്‍ വീഴ്ത്തി. 11 തവണ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. പദ്മാകര്‍ ശിവാല്‍കര്‍ 12 ലിസ്റ്റ് എ പോരാട്ടത്തില്‍ നിന്നു 16 വിക്കറ്റുകള്‍ സ്വന്തമാക്കി.