ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍
വനിതാ ലോകകപ്പിലെ നിര്‍ണായക മത്സരത്തിൽ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ സെമിയിലേക്ക് മുന്നേറി. തുടരെ മൂന്ന് മത്സരങ്ങള്‍ തോറ്റ് പുറത്താകല്‍ ഭീഷണിയുടെ വക്കിൽ നിന്ന ഇന്ത്യൻ ടീം ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങി കിവികളെ തകര്‍ത്താണ് സെമി ഉറപ്പിച്ചത്. നാലാം ടീമായാണ് ഇന്ത്യ അവസാന നാലിലെത്തിയത്. 53 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. ഈ മാസം 26നു നടക്കുന്ന അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ ഇന്ത്യ ബംഗ്ലാദേശുമായി ഏറ്റുമുട്ടും.
മഴയെ തുടര്‍ന്നു ഇന്ത്യയുടെ ബാറ്റിങ് 49 ഓവറാക്കി ചുരുക്കിയിരിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സ് അടിച്ചു. മറുപടി ബാറ്റിങ്ങിന് ന്യൂസിലന്‍ഡ് ഇറങ്ങിയപ്പോഴും മഴ വില്ലനായി. ഇതോടെ അവരുടെ ലക്ഷ്യം 44 ഓവറില്‍ 325 റണ്‍സായി പുനര്‍നിര്‍ണയിച്ചു. എന്നാല്‍ അവരുടെ പോരാട്ടം 44 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സില്‍ അവസാനിച്ചു. 81 റണ്‍സെടുത്ത ബ്രൂക്ക് ഹാല്ലിഡെ, 65 റണ്‍സെടുത്തു പുറത്താകാതെ നിന്ന ഇസബെല്ല ഗെയ്സ് എന്നിവരുടെ ബാറ്റിങ് അവര്‍ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ലക്ഷ്യത്തിലേക്ക് എത്താനായില്ല.
ഇന്ത്യക്കായി രേണുക സിങ്, ക്രാന്ത് ഗൗഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ത്യക്കായി പന്തെറിഞ്ഞ എല്ലാ താരങ്ങളും വിക്കറ്റ് വീഴ്ത്തി. സ്നേഹ് റാണ, ശ്രീചരണി, ദീപ്തി ശര്‍മ, പ്രതിക റാവല്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.
നേരത്തെ ഇന്ത്യൻ ഓപ്പണർമാർ സ്മൃതി മന്ദാനയും പ്രതിക റാവത്തും സെഞ്ച്വറി നേടിയിരുന്നു.












