വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

വനിതാ ഏകദിന ലോകകപ്പിലെ ഉത്ഘാടന മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ശ്രീലങ്കയെ ഇന്ത്യന്‍ വനിതകള്‍ 59 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുന്നോട്ടു വെച്ച 270 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 45.4 ഓവറില്‍ 211 റണ്‍സിന് പുറത്തായി.
മഴയെത്തുടര്‍ന്ന് മത്സരം 47 ഓവറായി ചുരുക്കിയിരുന്നു. ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 269 റണ്‍സെടുത്തത്. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ലങ്കയുടെ വിജയലക്ഷ്യം 47 ഓവറില്‍ 271 റണ്‍സായിരുന്നു.
ലങ്കന്‍ നിരയില്‍ ക്യാപ്റ്റന്‍ ചമരി അത്തപത്തു (43), നീലാക്ഷിക ശിവ (35), ഹര്‍ഷിത സമരവിക്രമ (29) എന്നിവരാണ് അല്‍പ്പമെങ്കിലും പൊരുതിയത്. ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച ദീപ്തി ശര്‍മ്മയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. ദീപ്തി 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി. സ്നേഹ് റാണയും ശ്രീ ചരണിയും രണ്ടുവിക്കറ്റ് വീതമെടുത്തു.
ബാറ്റിങ്ങില്‍ 53 പന്തില്‍ മൂന്നു ഫോര്‍ സഹിതം ദീപ്തി 53 റണ്‍സെടുത്തിരുന്നു. 56 പന്തില്‍ ഒരു സിക്സും അഞ്ചു ഫോറുമടക്കം 57 റണ്‍സെടുത്ത അമന്‍ജോതാണ് ടോപ് സ്കോറര്‍. ഏഴാം വിക്കറ്റില്‍ ഈ സഖ്യം 103 റണ്‍സാണ് അടിച്ചത്.