ഇന്ത്യ-ബംഗ്ലാദേശ് ടി20 പരമ്ബരയ്ക്ക് ഇന്ന് തുടക്കം; സഞ്ജു ഓപ്പണറാകാൻ സാധ്യത
ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി 20 ക്രിക്കറ്റ് പരമ്ബരയ്ക്ക് ഇന്ന് ഗ്വാളിയറില്‍ തുടക്കം. ഒരാഴ്ചമുൻപ് ടെസ്റ്റ് ക്രിക്കറ്റ് പരമ്ബരയില്‍ ബംഗ്ലാദേശിനെ 2-0ത്തിന് തോല്‍പ്പിച്ചശേഷം ഇന്ത്യയുടെ ആദ്യ മത്സരമാണിത്.
എന്നാല്‍ ടെസ്റ്റ് ടീമിലെ ഒരാള്‍പ്പോലും ട്വന്റി-20 മത്സരത്തിനില്ല. സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം യുവനിരയ്ക്ക് പ്രാധാന്യം നല്കുന്നു. ടെസ്റ്റ് ടീമിലെ പ്രധാന കളിക്കാരെ ഉള്‍പ്പെടുത്തിയാണ് ബംഗ്ലാദേശ് വരുന്നത്. ഇന്ത്യയുടെ മായങ്ക് യാദവ്, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ എന്നിവർ ഇതുവരെ അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ല. ഇന്ത്യൻ ടീമിലെ എല്ലാവരും ചേർന്ന് കളിച്ചത് 389 അന്താരാഷ്ട്ര മത്സരം മാത്രം.
വിക്കറ്റ് കീപ്പർമാരായി മലയാളിയായ സഞ്ജു സാംസണ്, ജിതേഷ് ശര്‍മ എന്നിവർ ടീമിലുണ്ടെങ്കിലും സഞ്ജുവിന് മുൻഗണനകിട്ടും. കൂടാതെ അഭിഷേക് ശർമയ്ക്കൊപ്പം സഞ്ജു ഓപ്പണറായി ഇറങ്ങാനും സാധ്യതയുണ്ട്. തുടർന്ന് സൂര്യകുമാർ യാദവ്, റിയാൻ പരാഗ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ തുടങ്ങിയവരുണ്ടാകും. ഫിനിഷർ റോളില്‍ റിങ്കുസിങ്ങുമുണ്ട്.
ഐ.പി.എലില്‍ തുടർച്ചയായ അതിവേഗ പന്തുകള്‍ എറിഞ്ഞ് ശ്രദ്ധനേടിയ പേസർ മായങ്ക് യാദവ് മാച്ചില്‍ അരങ്ങേറ്റംകുറിച്ചേക്കും. പരിചയസമ്ബന്നനായ ഇടംകൈ പേസർ അർഷ്ദീപ് സിങ്ങും കൂടെയുണ്ടാകും. സ്പിന്നർമാരായി രവി ബിഷ്ണോയ്, വാഷിങ്ടണ്‍ സുന്ദർ എന്നിവരായിരിക്കും ഇറങ്ങുക. ഐ.പി.എല്‍. ലേലം അടുത്തെത്തിയിരിക്കേ, താരങ്ങള്‍ക്ക് മൂല്യം ഉയർത്താനുള്ള അവസരംകൂടിയാണിത്.
ഗ്വാളിയറിലെ മാധവറാവു സിന്ധ്യ സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരമാണിത്.