ഇന്ത്യ-വെസ്റ്റിന്‍ഡീസ് മൂന്നാം ഏകദിനം ഇന്ന്
ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കും.
ആദ്യ കളിയിലെ ജയം നല്കിയ ആത്മവിശ്വാസത്തിന്റെ ബലത്തില്‍ രോഹിത്തിനെയും, കൊഹ്ലിയേയും പുറത്തിരുത്തി രണ്ടാം മത്സരത്തിന് ഇറങ്ങിയ ഇന്ത്യക്ക് പാളിപ്പോയിരുന്നു. ആറു വിക്കറ്റ് ജയത്തോടെ പരമ്പര സമനിലയിലാക്കാൻ വിൻഡീസിന് കഴിഞ്ഞു. ചരിത്രത്തിലാദ്യമായി ഏകദിന ലോകകപ്പിന് യോഗ്യത നേടാൻ കഴിയാതെപോയ മുൻ ചാമ്പ്യന്മാർക്ക് ഇന്ത്യയെ തോല്പിക്കാനായത് ചെറിയ ഊർജമാണ് നൽകിയത്. . രണ്ടാമത്തെ കളിയില്‍ തോറ്റെങ്കിലും പ്ലേയിങ് ഇലവനിലെ പരീക്ഷണങ്ങള്‍ തുടരുമെന്നാണ് പരിശീലകൻ രാഹുല്‍ ദ്രാവിഡ് നല്കുന്ന സൂചന. ഏഷ്യാകപ്പും ലോകകപ്പും ഉള്‍പ്പെടെ വരാനിരിക്കുന്ന വൻ പോരാട്ടങ്ങളിലേക്കാണ് നോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സൂര്യകുമാര്‍ യാദവിനും സഞ്ജു സാംസണിനും ഇനിയും അവസരമൊരുക്കാൻതന്നെയാണ് ടീം മാനേജ്മെന്റ് ആലോചിക്കുന്നത്. വിരാട് കോഹ്ലിയും തിരിച്ചെത്തിയാല്‍ പുറത്തിരുത്തുന്നവരുടെ ലിസ്റ്റിലേക്ക് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജദേജ വരെ ഉണ്ടായേക്കാം. രണ്ടു മത്സരങ്ങളിലും അര്‍ധ ശതകം നേടിയ ഇഷാൻ മാത്രമാണ് ബാറ്റര്‍മാരില്‍ മികച്ച പ്രകടനം നടത്തുന്നത്. രണ്ടാം മത്സര ഇലവനില്‍ ഇടംപിടിച്ച സഞ്ജു പരാജയമായെങ്കിലും ഒറ്റ കളികൊണ്ട് വിധിയെഴുതേണ്ടതില്ലെന്നാണ് ടീം മാനേജ്മെന്റ് പറയുന്നത്.