കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഐ.പി.എല്‍ കിരീടം, ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു
സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഫൈനലില്‍ കുറഞ്ഞ സ്കോറിന് ചുരുട്ടിക്കൂട്ടി കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് തങ്ങളുടെ മൂന്നാം ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ടു.
ചെപ്പോക്ക് സ്റ്റേഡിയത്തില്‍ 114 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്ത10.3 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. 2012, 2014 വർഷങ്ങളിലാണ് കൊല്‍ക്കത്ത ഇതിന് മുമ്ബ് കിരീടം നേടിയത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 18.3 ഓവറില്‍ 113 റണ്‍സിന് ആള്‍ഔട്ടാക്കുകയായിരുന്നു കൊല്‍ക്കത്ത. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആന്ദ്രേ റസലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചല്‍ സ്റ്റാർക്കും ഹർഷിദ് റാണയും ഓരോ വിക്കറ്റ് വീഴ്ത്തിയ വൈഭവ് അറോറയും വരുണ്‍ ചക്രവർത്തിയും സുനില്‍ നരെയ്നും ചേർന്നാണ്സണ്റൈസേഴ്സിനെ 113ല്‍ ചുരുട്ടിയത്. 19 പന്തുകളില്‍ 24 റണ്‍സ് നേടിയ നായകൻ പാറ്റ് കമ്മിൻസാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ.
ചെപ്പോക്കില്‍ സണ്‍റൈസേഴ്സിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. 21 റണ്‍സെടുക്കുന്നതിനിടെ അഭിഷേക് ശർമ്മ(2), ട്രാവിസ് ഹെഡ് (0), രാഹുല്‍ ത്രിപാതി (9) എന്നിവർ കൂടാരം കയറി. ആദ്യ ഓവറിലെ ആദ്യ മൂന്ന് പന്തുകളില്‍ റണ്‍ വടങ്ങാതിരുന്ന മിച്ചല്‍ സ്റ്റാർക്ക് അഞ്ചാം പന്തില്‍ അഭിഷേകിനെ ക്ളീൻ ബൗള്‍ഡാക്കിയാണ് ആക്രമണം തുടങ്ങിയത്. അടുത്ത ഓവറിന്റെ അവസാന പന്തില്‍ ആദ്യമായി സ്ട്രൈക്കിലെത്തിയ ട്രാവിസ് ഹെഡ് ഗോള്‍ഡൻ ഡക്കായത് സണ്‍റൈസേഴ്സിന് അടുത്ത ആഘാതമായി. വൈഭവ് അറോറയുടെ പന്തില്‍ കീപ്പർ ക്യാച്ച് നല്‍കിയാണ് ഹെഡ് തലകുനിച്ച് മടങ്ങിയത്. അഞ്ചാം ഓവറിലാണ് രാഹുല്‍ ത്രിപാതി മടങ്ങിയത്. സ്റ്റാർക്കിനെ അനാവശ്യമായി ഉയർത്തിയടിക്കാൻ ശ്രമിച്ച ത്രിപാതിയെ രമണ്‍ദീപ് സിംഗ് ക്യാച്ചെടുത്ത് മടക്കി അയച്ചത്.
തുടർന്ന് എയ്ഡൻ മാർക്രമും(20) നിതീഷ് കുമാർ റെഡ്ഡിയും (13) ചേർന്ന് ചെറുത്ത് നില്ക്കാൻ ശ്രമിച്ചു. പവർ പ്ളേ കഴിയുമ്ബോള്‍ 40/3 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. ഏഴാം ഓവറിന്റെ അവസാനപന്തില്‍ ഹർഷിത് റാണ നിതീഷിനെ കീപ്പർ ഗുർബാസിന്റെ കയ്യിലെത്തിച്ചതോടെ അവർ 47/4 എന്ന നിലയിലായി. അഞ്ചാം വിക്കറ്റില്‍ മാർക്രമും ഹെൻറിച്ച് ക്ളാസനും (16) ചേർന്ന് കുറച്ചുനേരം മുന്നോട്ടുപോകാൻ ശ്രമിച്ചെങ്കിലും കൊല്‍ക്കത്ത വിട്ടില്ല. 11-ാം ഓവറില്‍ റസലിന്റെ പന്തില്‍ സ്റ്റാർക്ക് മാർക്രമിനെ പിടികൂടി തിരിച്ചയച്ചു. അടുത്ത ഓവറില്‍ വരുണ്‍ ചക്രവർത്തി ഷഹബാസ് അഹമ്മദിനെയും (8) കൂടാരം കയറ്റി. നരെയ്നായിരുന്നു ക്യാച്ച്. ഇംപാക്ട് പ്ളേയറായി ഇറങ്ങിയ അബ്ദുല്‍ സമദ് (4) 13-ാം ഓവറില്‍ റസലിന്റെ പന്തില്‍ ക്യാച്ച് നല്കി മടങ്ങിയതോടെ ഹൈദരബാദ് 77/7 എന്ന നിലയിലായി. 15-ാം ഓവറില്‍ ടീം സ്കോർ 90ല്‍ വച്ച് ക്ളാസനെ ഹർഷിത് ബൗള്‍ഡാക്കി.