ടോസ് ഇല്ലാതെ മത്സരങ്ങള്‍; ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റില്‍ വൻ മാറ്റങ്ങള്‍ വരുന്നു
ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റില്‍ വലിയ മാറ്റങ്ങള്‍ ആകും വരും സീസണില്‍ വരാൻ പോകുന്നത്. 2024-25 സീസണിലെ ആഭ്യന്തര ക്രിക്കറ്റ് കലണ്ടർ പുനഃക്രമീകരിക്കുന്നതിനുള്ള കരട് നിർദ്ദേശം ബോർഡിൻ്റെ അപെക്സ് കൗണ്‍സിലിന് അയച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
പുതിയ പോയിൻ്റ് സംവിധാനത്തോടെ സംഘടിപ്പിക്കുന്ന സികെ നായിഡു ട്രോഫിയിലും വലിയ മാറ്റം വരും. സി കെ നായിഡു ട്രോഫിയില്‍ ഇനി ടോസ് ഉണ്ടാകില്ല. സന്ദർശക ടീമിന് ബാറ്റു ചെയ്യണോ ബൗള്‍ ചെയ്യണോ എന്ന തീരുമാനം എടുക്കാനുള്ള അവകാശം ലഭിക്കും. ഹോം അഡ്വാന്റേജ് ഇല്ലാതാക്കാൻ ആണ് ടോസ് ഒഴിവാക്കുന്നത് എന്നാണ് അധികൃതർ പറയുന്നത്.
ബിസിസിഐ സെക്രട്ടറി ജയ് ഷാ, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, സെലക്ടർമാരുടെ ചെയർമാൻ അജിത് അഗാർക്കർ, മുഖ്യ പരിശീലകൻ രാഹുല്‍ ദ്രാവിഡ്, ദേശീയ ക്രിക്കറ്റ് അക്കാദമി മേധാവി വിവിഎസ് ലക്ഷ്മണ് എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് പുതിയ നിർദേശങ്ങള്‍ സമർപ്പിച്ചത്.