മുഹമ്മദ് ഷമി ബിജെപി സ്ഥാനാർത്ഥി?? വരാനിരിക്കുന്നത് വലിയ കളികൾ..
ലോകകപ്പിലെ ആരവങ്ങൾ അടങ്ങും മുന്‍പ് ഇന്ത്യയുടെ സൂപ്പര്‍ഹീറോ മുഹമ്മദ് ഷമിയുടെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകുന്നു. ഷമി ബി ജെ പിയില്‍ ചേരാനിരിക്കുകയാണ് എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരോടൊപ്പമുള്ള ഷമിയുടെ ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയത്.
ബി ജെ പി നേതാവ് അനില്‍ ബലൂനിയുടെ ദല്‍ഹിയിലെ വസതിയില്‍ സംഘടിപ്പിച്ച ഈഗാസ് ആഘോഷത്തില്‍ മുഹമ്മദ് ഷമി പങ്കെടുത്തിരുന്നു. ഉത്തരാഖണ്ഡിലെ പുരാതനമായ ഒരു പരമ്ബരാഗത ഉത്സവമാണ് ഈഗാസ്. ഈ ആഘോഷത്തില്‍ മുഖ്യാ അതിഥികളിലൊരാളായാണ് മുഹമ്മദ് ഷമി പങ്കെടുത്തത്. ഷമിയെ കൂടാതെ അമിത് ഷാ, അജിത് ഡോവല്‍ എന്നിവരുള്‍പ്പെടെ ബി ജെ പിയിലെ നിരവധി പ്രമുഖ നേതാക്കളും പങ്കെടുത്തു.
പ്രശസ്ത ബോളിവുഡ് ഗായകന് ജുബിന്‍ നൗട്ടിയലും പരിപാടിയുടെ ഭാഗമായിരുന്നു. അമിത് ഷായുമായി ഷമി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വ്യാപകമാകാന്‍ തുടങ്ങിയത്. ഷമിയെ ഒപ്പം നിര്‍ത്തി ബി ജെ പി തന്ത്രപരമായ പദ്ധതികള്‍ മെനയുന്നു എന്നാണ് ഫ്രീപ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പൊതുവെ ന്യൂനപക്ഷങ്ങളോട് മുഖം തിരിക്കുന്ന ആളാണ് ഉത്തർപ്രദേശിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാൽ ലോകകപ്പിലെ ഷമിയുടെ മികച്ച പ്രകടനത്തോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ സ്വന്തം ഗ്രാമമായ അംറോഹയില്‍ ഒരു ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുമെന്ന് യോഗി പ്രഖ്യാപിച്ചിരുന്നു. ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ നിരാശാജനകമായ തോല്‍വിക്ക് ശേഷം ടീമിനെ ആശ്വസിപ്പിക്കാന്‍ ഡ്രസ്സിംഗ് റൂം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കളിക്കാർക്ക് ഹസ്തദാനം നൽകിയപ്പോൾ, ഷമിയെ ആലിംഗനം ചെയ്യുകയായിരുന്നു. ഷമിയുടെ തലയിൽ അദ്ദേഹം തഴുകുന്നതും കാണാമായിരുന്നു.
ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിയിരുന്നു. ഇതെല്ലാം കൂടി ബന്ധിപ്പിച്ചാണ് ഇപ്പോള്‍ ഷമിയുടെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ സജീവമാകുന്നത്. നിലവില്‍ അംറോഹയില്‍ നിന്നുള്ള ലോക്സഭാംഗമായ ബി എസ് പിയുടെ ഡാനിഷ് അലിക്കെതിരെ ബി ജെ പി ഷമിയെ മത്സരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. നേരത്തെ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഷമിയും രംഗത്തെത്തിയിരുന്നു. മോദി ഡ്രെസിംഗ് റൂമില്‍ എത്തി ടീമംഗങ്ങളെ കണ്ടതിന് പിന്നാലെയായിരുന്നു ഇത്. ഡ്രസ്സിംഗ് റൂമില്‍ വെച്ച് പ്രധാനമന്ത്രി കളിക്കാരോട് സംസാരിച്ചത് അവര്‍ക്ക് വളരെയധികം ആത്മവിശ്വാസം നല്കി എന്നും ഷമി പറഞ്ഞിരുന്നു. ഇത്തരം പ്രവൃത്തികള്‍ പ്രധാനമാണ് എന്നും ഷമി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഇന്ത്യൻ ടീമിലെ പ്രധാന ബൗളർമാരിൽ ഒരാളാണ് മുഹമ്മദ് ഷമി. 33 വയസ്സുള്ള അദ്ദേഹം കുറച്ച് നാൾ കൂടി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഉണ്ടായേക്കും. ഫാസ്റ്റ് ബൗളർ എന്ന നിലയിൽ പ്രായം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്ത്യയുടെ മുൻ പേസ് ബൗളർമാരായ കപില്‍ദേവ്, ശ്രീനാഥ്, വെങ്കടേഷ് പ്രസാദ് എന്നിവരൊക്കെ 35 ആം വയസ്സിൽ വിരമിച്ചവരാണ്. സഹീർ ഖാൻ, ചേതൻ ശർമ്മ എന്നിവർ 38 വയസ്സ് വരെ കളിച്ചിട്ടുണ്ട്. ജെയിംസ് ആൻഡേഴ്സൺ, ഇമ്രാൻ ഖാൻ ഒക്കെ 40 ന് ശേഷവും ക്രിക്കറ്റിൽ ഉണ്ടായിരുന്ന പേസ് ബൗളർമാരാണ്. ഫിറ്റ്നസ് നില നിർത്തുകയാണെങ്കിൽ ഷമിക്ക് ഏതാനും വര്‍ഷം കൂടെ ഫീൽഡിൽ തുടരാൻ കഴിയും. അതിനു ശേഷമാവും താരത്തിൻറെ രാഷ്ട്രീയ പ്രവേശം.
വലിയൊരു ഇലക്ഷൻ അടുത്ത് വരുമ്പോൾ ബിജെപി കളിക്കുന്നതും വലിയൊരു കളി തന്നെയാണ്. മുഹമ്മദ് ഷാമിയെ തങ്ങൾക്കൊപ്പം നിർത്തുന്നതിലൂടെ വർഗീയത മാത്രം കൈമുതലായുള്ള പാർട്ടി എന്ന കളങ്കം ചെറുതായെങ്കിലും മായ്ച്ച് കളയാൻ ബിജെപിക്ക് ആകും. മുഹമ്മദ് ഷമി ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മികച്ച കളിക്കാരൻ ആണ്. ഷമിയുടെ പ്രകടനം കാരണം ഇന്ത്യൻ ടീം പലപ്പോഴും ജയിച്ചിട്ടുമുണ്ട്. എന്നാൽ ബിജെപി എന്ന രാഷ്ട്രീയ പാർട്ടി ജയിക്കാനായി മാത്രം കളിക്കുന്നവരാണ്. അടുത്ത പാർലമെന്റ് ഇലക്ഷൻ ജയിക്കാനായി അവർ എന്തൊക്കെ ചെയ്യുമെന്ന് കണ്ടു തന്നെ അറിയണം.