ത്രില്ലര്‍ പോരാട്ടത്തില്‍ എട്ടു വിക്കറ്റ് ജയം; ടി20 ചരിത്രത്തിലെ റെക്കോര്‍ഡ് ചേസിംഗ്
ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സിന് എട്ടു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. ടി20 ചരിത്രത്തിലെ റെക്കോർഡ് ചേസിംഗിനാണ് ഈഡൻ ഗാർഡൻസ് ഇന്നലെ വേദിയായത്.
കൊല്‍ക്കത്ത മുന്നോട്ടുവച്ച 262 റണ്‍സ് വിജയലക്ഷ്യം 8 പന്തുകള്‍ ബാക്കിനിർത്തി 2 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു. ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന റണ്‍ ചേസാണ് ഇത്. 48 പന്തില്‍ 108 റണ്‍സ് നേടി പുറത്താവാതെ നിന്ന ജോണി ബെയർസ്റ്റോ ആണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. പ്രഭ്സിമ്രാൻ സിങ്ങും ശശാങ്ക് സിങ്ങും അതിവേഗ അർധ സെഞ്ച്വറികളുമായി തിളങ്ങി.
നേരത്തെ, നരെയ്ന്റെയും സാള്‍ട്ടിന്റെയും വെടിക്കെട്ട് അർധ സെഞ്ച്വറികളാണ് കൊല്‍ക്കത്തയെ കൂറ്റൻ സ്കോറിലെത്തിച്ചത്. സാള്‍ട്ട് 37 പന്തില്‍ ആറു സിക്സും ആറു ഫോറുമടക്കം 75 റണ്‍സെടുത്ത് പുറത്തായി. നരെയ്ൻ 32 പന്തില്‍ 71 റണ്‍സെടുത്തു. നാലു സിക്സുകളും ഒമ്ബത് ഫോറുമടങ്ങുന്നതാണ് നരൈന്റെ ഇന്നിങ്സ്. ഒരുഘട്ടത്തില്‍ ടീമിന്റെ പ്രൊജക്റ്റഡ് സ്കോർ 300 വരെ എത്തിയിരുന്നു. 23 പന്തില്‍ 39 റണ്‍സെടുത്ത് വെങ്കടേഷ് അയ്യരും തിളങ്ങി. ആന്ദ്രെ റസ്സല്‍ (12 പന്തില്‍ 24), നായകൻ ശ്രേയസ് അയ്യർ (10 പന്തില്‍ 28), റിങ്കു സിങ് (നാലു പന്തില്‍ അഞ്ച്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.
വമ്ബൻ വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് തകർപ്പൻ തുടക്കമാണ് പ്രഭ്സിമ്രാനും ബെയർസ്റ്റോയും നല്‍കിയത്. ബെയർസ്റ്റോ പതിയെ തുടങ്ങിയപ്പോള്‍ പ്രഭ്സിമ്രാൻ ആക്രമിച്ച് കളിച്ചു. വെറും 19 പന്തില്‍ ഫിഫ്റ്റിയടിച്ച താരം 20 പന്തില്‍ 54 റണ്‍സ് നേടി റണ്ണൗട്ടായി. പിന്നീട് ബെയർസ്റ്റോ സ്കോറിംഗ് ചുമതല ഏറ്റെടുത്തു. സുനില്‍ നരേൻ ഒഴികെ ബാക്കിയുള്ളവരെല്ലാം അടിവാങ്ങി. 24 പന്തില്‍ ബെയർസ്റ്റോ ഫിഫ്റ്റി നേടി. ഇതിനിടെ 16 പന്തില്‍ 26 റണ്‍സ് നേടിയ റുസോയെ സുനില്‍ നരേൻ പുറത്താക്കി. രണ്ടാം വിക്കറ്റില്‍ 85 റണ്‍സാണ് ബെയർസ്റ്റോയ്ക്കൊപ്പം റുസോ കൂട്ടിച്ചേർത്തത്. നാലാം നമ്ബറില്‍ ശശാങ്ക് സിംഗ് എത്തിയതോടെ വെടിക്കെട്ട് ആരംഭിച്ചു. രണ്ട് ഭാഗത്തുനിന്നും ബൗണ്ടറികള്‍ പ്രവഹിക്കാൻ തുടങ്ങി. ഇതിനിടെ 45 പന്തില്‍ ബെയർസ്റ്റോ സെഞ്ച്വറി കടന്നു. 23 പന്തില്‍ ശശാങ്ക് സിംഗ് ഫിഫ്റ്റിയും തികച്ചു. ഈ സഖ്യം പഞ്ചാബിനെ റെക്കോർഡ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ബെയർസ്റ്റോയ്ക്കൊപ്പം 28 പന്തില്‍ 68 റണ്‍സ് നേടിയ ശശാങ്കും നോട്ടൗട്ടാണ്. ടി20യില്‍ ഏറ്റവുമധികം സിക്സർ പിറന്ന മത്സരവും ഇതാണ്. ആകെ 42 സിക്സറുകളാണ് ഈ മത്സരത്തില്‍ അടിച്ചത്. ജയത്തോടെ പഞ്ചാബ് മുംബൈയെ മറികടന്ന് പോയിൻ്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി. കൊല്‍ക്കത്ത രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്.