ആദ്യം സജന, രണ്ടാം ദിനം ശോഭന; വനിതാ ഐ.പി.എല്ലില്‍ വീണ്ടും മലയാളിത്തിളക്കം

വനിതകളുടെ ഐ.പി.എല്‍ പതിപ്പിന്റെ രണ്ടാം സീസണില്‍ മലയാളി താരങ്ങളുടെ അവിശ്വസനീയ പ്രകടനം തുടർച്ചയായ രണ്ടാം ദിവസവും തുടരുന്നു.
വനിതകളുടെ ഐ.പി.എല്‍ പതിപ്പില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്ന ആദ്യ ഇന്ത്യക്കാരിയായി തിരുവനന്തപുരം സ്വദേശിയായ ശോഭന ആശ മാറി. ഉദ്ഘാടന ദിവസം അവസാന പന്തില്‍ സിക്സറടിച്ച് മുംബൈ ഇന്ത്യൻസിന്റെ മലയാളി ഓള്‍റൌണ്ടർ സജന സജീവൻ താരമായിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മലയാളി താരം ശോഭന ആശ അഞ്ച് വിക്കറ്റ് നേട്ടത്തോടെ കളിയിലെ താരമായി മാറിയത്.
ഏഴ് വിക്കറ്റുകള്‍ ശേഷിക്കെ അവസാന നാല് ഓവറുകളില്‍ യു.പി വാരിയേഴ്സിന് ജയിക്കാൻ 32 റണ്‍സ് മാത്രം മതിയായിരുന്ന ഘട്ടത്തില്‍ ക്യാപ്റ്റൻ സ്മൃതി മന്ദാന മലയാളി ലെഗ് സ്പിന്നറെ തിരികെവിളിച്ചു. 17ാം ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ശോഭന ക്യാപ്ടന്റെ പ്രതീക്ഷകള്‍ കാത്തു. ഡബ്ല്യു.പി.എല്ലില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടമാണ് ശോഭനയെ കാത്തിരുന്നത്. കളിയിലെ പ്രകടനത്തിന് പിന്നാലെ പ്ലേയർ ഓഫ് മാച്ച് പുരസ്കാരവും മലയാളി താരത്തെ തേടിയെത്തി.