സഞ്ജുവിന് ഇന്ത്യൻ ടീമില്‍ അവസരം കുറയുന്നത് മോശം ഷോട്ട് സെലക്ഷൻ കാരണം; വിമര്‍ശനവുമായി ഗവാസ്കര്‍

ചെന്നൈ: ഐ.പി.എല്‍ ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് തോറ്റ് പുറത്തായതിനു പിന്നാലെ രാജസ്ഥാൻ റോയല്‍സ് കാപ്റ്റൻ സഞ്ജു സാംസണെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സുനില്‍ ഗവാസ്കർ രംഗത്ത്.
സഞ്ജുവിന്റേത് മോശം ഷോട്ട് സെലക്ഷനാണെന്നും, ഈ സമീപനം കാരണമാണ് താരത്തിന് ഇന്ത്യൻ ടീമില്‍ സ്ഥിരമായി ഇടം ലഭിക്കാത്തതെന്നും ഗവാസ്കർ പറഞ്ഞു. മത്സരത്തില്‍ 11 പന്തില്‍ 10 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. അഭിഷേക് ശർമയുടെ പന്ത് ഉയർത്തിയടിക്കാനുള്ള ശ്രമത്തില്‍ ലോങ് ഓണില്‍ എയ്ഡൻ മാർക്രമിന്റെ കൈകളില്‍ സഞ്ജുവിന്റെ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു.
മത്സരത്തിനു ശേഷം രാജസ്ഥാന്റെ പരാജയത്തില്‍ നിർണായകമായ സഞ്ജുവിന്റെയും റിയാൻ പരാഗിന്റെയും വിക്കറ്റുകള്‍ നഷ്ടമായ സാഹചര്യം വിലയിരുത്തവെയാണ് ഗവാസ്കർ ഇക്കാര്യം പറഞ്ഞത്. “നിർണായക മത്സരത്തില്‍ ജയിക്കാനാവാതെ ടൂർണമെന്റില്‍ 500 റണ്‍സ് നേടിയിട്ട് എന്താണ് കാര്യം? വമ്ബൻ ഷോട്ടുകള്‍ കളിച്ചാണ് എല്ലാവരും പുറത്തായത്. എന്തുകൊണ്ടാണ് സഞ്ജുവിന് ഇന്ത്യൻ ടീമില്‍ സ്ഥിരമായി അവസരം ലഭിക്കാത്തത്? അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷനാണ് എപ്പോഴും കുഴപ്പമാകുന്നത്. ഷോട്ട് സെലക്ഷൻ മികച്ചതാണെങ്കില്‍ അദ്ദേഹത്തിന് കൂടുതല്‍ കാലം ഇന്ത്യൻ ടീമില്‍ കളിക്കാനാവും. ട്വന്റി20 ലോകകപ്പ് ടീമില്‍ ഇടം നേടാനായത് അദ്ദേഹത്തിന് ലഭിച്ച വലിയ അവസരമാണ്. അതില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ ടീമില്‍ സ്ഥിരസാന്നിധ്യമാകാൻ സഞ്ജുവിനു കഴിയും” -ഗവാസ്കർ പറഞ്ഞു.
ടൂർണമെന്റില്‍ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച റിയാൻ പരാഗും (10 പന്തില്‍ ആറ്) വലിയ ഷോട്ടിന് ശ്രമിച്ചാണ് ഇന്നലെ പുറത്തായത്. ഷഹബാസ് അഹമ്മദിന്റെ പന്തില്‍ അഭിഷേക് ശർമയ്ക്ക് ക്യാച്ച് സമ്മാനിച്ചാണ് താരം കൂടാരം കയറിയത്. ഇതോടെ 11.1 ഓവറില്‍ നാലിന് 79 എന്ന നിലയിലേക്ക് വീണ രാജസ്ഥാന് പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. അർധ സെഞ്ചറി നേടിയ ധ്രുവ് ജുറേല്‍ (35 പന്തില്‍ 56*), ഓപ്പണർ യശസ്വി ജയ്സ്വാള്‍ (21 പന്തില്‍ 42) എന്നിവർ മാത്രമാണ് രാജസ്ഥാൻ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത സണ്‍റൈസേഴ്സ്, രാജസ്ഥാനു മുന്നില്‍ 176 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയർത്തിയത്. രാജസ്ഥാന്റെ മറുപടി 139ല്‍ അവസാനിച്ചു. 36 റണ്‍സിന്റെ ആധികാരിക ജയവുമായാണ് സണ്‍റൈസേഴ്സ് ഫൈനല്‍ ബർത്ത് ഉറപ്പിച്ചത്. കലാശപ്പോരാട്ടം ഞായറാഴ്ച ചെന്നൈയില്‍ നടക്കും. ആദ്യ ക്വാളിഫയറില്‍ ജയിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് ഫൈനലില്‍ ഓറഞ്ച് പടയുടെ എതിരാളികള്‍.