സഞ്ജുവിന്റെ മാസ് ഷോ; രാജസ്ഥാന് 7 വിക്കറ്റ് ജയം
ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ രാജസ്ഥാന് റോയല്‍സിന് 7 വിക്കറ്റ് ജയം.
197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് വിജയം നേടിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ഇന്നിംഗ്സായിരുന്നു രാജസ്ഥാന്റെ വിജയം എളുപ്പമാക്കിയത്. ജയത്തോടെ രാജസ്ഥാന് പ്ലേഓഫ് ഏറെ കുറെ ഉറപ്പാക്കി. ടീമിന് ഇപ്പോള്‍ 16 പോയിന്റുണ്ട്. പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്. ആദ്യ ആറോവറില്‍ 60 റണ്‍സാണ് രാജസ്ഥാന് അടിച്ചത്. ജെയ്സ്വാള്‍ 18 പന്തിലാണ് 24 റണ്‍സടിച്ചത്. മൂന്ന് ബൗണ്ടറിയും ഒരു സിക്സറും ആ ഇന്നിംഗ്സിലുണ്ടായിരുന്നു. ജോസ് ബട്ലര് 18 പന്തില്‍ 34 റണ്‍സടിച്ചപ്പോള്‍ നാല് ബൗണ്ടറിയും ഒരു സിക്സറും അടിച്ചു. മൂന്നിന് 78 എന്ന നിലയില്‍ രാജസ്ഥാന് പതറിയിരുന്നു. എന്നാല്‍ സഞ്ജു സാംസണ്(71*) ധ്രുവ് ജുറല്‍(52*) എന്നിവര്‍ ചേര്‍ന്ന പിരിയാത്ത കൂട്ടുകെട്ട് രാജസ്ഥാന്റെ ജയം ഉറപ്പിക്കുകയായിരുന്നു.
സഞ്ജു 33 പന്തില്‍ 71 റണ്‍സുമായി പുറത്താവാതെ നിന്നും നാല് സിക്സറും ഏഴ് ബൗണ്ടറിയുമായി സഞ്ജുവിന്റെ ഗംഭീര പ്രകടനമാണ് കാണാന്‍ കഴിഞ്ഞത്. ധ്രുവ് ജുറല്‍ 34 പന്തിലാണ് 52 റണ്‍സടിച്ചത്. അഞ്ച് ബൗണ്ടറിയും രണ്ട് സിക്സറും ഇന്നിംഗ്സിലുണ്ടായിരുന്നു. ലഖ്നൗ നിരയില്‍ അമിത് മിശ്ര, മാര്‍ക്കസ് സ്റ്റോയിനിസ്, യാഷ് താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടിയ രാജസ്ഥാന് ലഖ്നൗവിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ലഖ്നൗവിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. പതിനൊന്ന് റണ്സെത്തുമ്ബോഴേക്ക് രണ്ട് പേര് പുറത്തായിരുന്നു. ക്വിന്റണ്‍ ഡികോക്ക്(8) മാര്‍ക്കസ് സ്റ്റോയിനിസ്(0) എന്നിവരാണ് പുറത്തായത്. കെ എല്‍ രാഹുല്‍(76) ദീപക് ഹൂഡ(50) എന്നിവരായിരുന്നു ലഖ്നൗ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്. തുടക്കത്തില്‍ ശ്രദ്ധിച്ച് കളിച്ച ഇരുവരും പിന്നീട് അതിവേഗം സ്കോര്‍ ചെയ്യുകയായിരുന്നു. രാഹുല്‍ 48 പന്തിലാണ് 76 റണ്‍സടിച്ചത്. എട്ട് ബൗണ്ടറിയും രണ്ട് സിക്സറും ആ ഇന്നിംഗ്സിലുണ്ടായിരുന്നു. ദീപക് ഹൂഡ കൂടുതല്‍ ആക്രമണോത്സുകമായിട്ടാണ് കളിച്ചത്. 30 പന്തിലാണ് ഹൂഡ അര്‍ധ സെഞ്ച്വറി കുറിച്ചത് 7 ബൗണ്ടറികളും ആ ഇന്നിംഗ്സിലുണ്ടായിരുന്നു. രാജസ്ഥാന് നിരയില്‍ സന്ദീപ് ശര്‍മ രണ്ട് വിക്കറ്റെടുത്തു. ആവേശ് ഖാന്, അശ്വിന് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.