‘സചിനെ കോഹ്ലി മറികടക്കുമെന്ന പ്രവചനം യാഥാര്‍ഥ്യമായപ്പോള്‍ ഷിജു മറ്റൊരു ലോകത്തിരുന്ന് ആരവം മുഴക്കുന്നുണ്ടാകും’; ഓര്‍മപ്പൂക്കളുമായി സമൂഹ മാധ്യമങ്ങള്‍
2012 ജൂലൈ 22നാണ് ഷിജു ബാലാനന്ദൻ എന്ന കൊച്ചി ഇടപ്പള്ളിക്കാരനായ യുവാവ് ആ പ്രവചനം നടത്തിയത്. വിരാട് കോഹ്ലി സചിൻ ടെണ്ടുല്‍ക്കറുടെ ഏകദിന സെഞ്ച്വറി റെക്കോഡ് മറികടക്കും എന്നായിരുന്നു അദ്ദേഹം കോഹ്ലിയുടെ ചിത്രം സഹിതം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
സച്ചിന് അന്ന് 49 ഏകദിന സെഞ്ച്വറി ഉണ്ടായിരുന്നത് കൊണ്ട്, പലർക്കും ആ പോസ്റ്റ് അവിശ്വസനീയമായി തോന്നി. ക്രിക്കറ്റ് ആരാധകര്‍ ആ പ്രവചനം ചിരിച്ചുതള്ളി. ചിലരൊക്കെ കളിയാക്കി. എന്നാല്‍, അന്ന് 12 സെഞ്ച്വറി മാത്രം നേടിയിട്ടുണ്ടായിരുന്ന കോഹ്ലി ഓരോ സെഞ്ച്വറി അടിക്കുമ്പോളും ആ പോസ്റ്റിന്റെ കമന്റില്‍ ഷിജു എണ്ണം കുറിച്ചുകൊണ്ടിരുന്നു. എന്നാല്‍, കോഹ്ലി 35 സെഞ്ച്വറി നേടുന്നത് വരെ മാത്രമേ ഷിജുവിന് അതിന് കഴിഞ്ഞുള്ളൂ. 2018ല്‍ ഒരു കാറപകടം ഷിജുവിന്റെ ജീവനെടുത്തു.
ശേഷം ഷിജുവിന്റെ പ്രവചനത്തിന് താഴെ കോഹ്ലിയുടെ സെഞ്ച്വറികളുടെ എണ്ണം അപ്ഡേറ്റ് ചെയ്യാൻ ആളുകള്‍ കൂടിവന്നു. ഇന്നലെ -2023 നവംബര്‍ 15 -അവൻ പ്രവചിച്ച ആ ദിനമായിരുന്നു. ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ന്യൂസിലാൻഡിനെതിരെ കോഹ്ലി സെഞ്ച്വറിയുമായി സചിനെ മറികടക്കുമ്ബോള്‍ ഷിജു മറ്റൊരു ലോകത്തിരുന്ന് ആരവം മുഴക്കിയിട്ടുണ്ടാകും. ക്രിക്കറ്റ് ആരാധകര്‍ കോഹ്ലിയുടെ നേട്ടം അടയാളപ്പെടുത്തിയ പത്ര കട്ടിങ്ങുകളും കമന്റുകളുമായി ആ പോസ്റ്റിനടിയില്‍ ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്തു.