വെടിക്കെട്ട് ബാറ്റിംഗുമായി സിക്കന്ദര്‍ റാസ: സിംബാബ്വെയ്ക്ക് ചരിത്ര വിജയം
വെടിക്കെട്ട് ബാറ്റിംഗുമായി നായകൻ സിക്കന്ദർ റാസയടക്കമുള്ള ബാറ്റർമാർ തിളങ്ങിയപ്പോള്‍ അന്താരാഷ്ട്ര ടി20 യിലെ ചരിത്ര വിജയം നേടി സിംബാബ്വെ.
നയ്റോബിയില്‍ നടന്ന ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മാർജിനിലാണ് ഗംബിയയെ തകർത്തത്. 290 റണ്‍സിനാണ് സിംബാബ്വെ വിജയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ പടുത്തുയർത്തിയത് അന്താരാഷ്ട്ര ടി20 ചരിത്രത്തിലെ ഏറ്റവുടെ വലിയ ടീം ടോട്ടലാണ്. 344 റണ്‍സാണ് സിംബംബ്വെ അടിച്ചെടുത്തത്. നാല് വിക്കറ്റ് നഷ്ടത്തിലാണ് കൂറ്റൻ സ്കോർ ടീം എടുത്തത്.
നായകൻ റാസയുടെയും ബ്രയാൻ ബെന്നെറ്റിന്റെയും ടി. മറുമണിയുടെയും ക്ലൈവ് മദാൻഡെയുടെയും വെടിക്കെറ്റ് ബാറ്റിംഗിന്റെ മികവിലാണ് ചരിത്ര റണ്‍സിലേക്ക് സിംബാബ്വെ എത്തിയത്. 43 പന്തില്‍ 133 റണ്‍സെടുത്ത നായകൻ സിക്കന്ദർ റാസയാണ് ടോപ്സോറർ. 15 സിക്സും, ഏഴ് ഫോറും താരം റാസയുടെ ഇന്നിംഗ്സിലുണ്ട്.
ടി. മരുമണി 62 റണ്‍സും ബെന്നറ്റ് 50 റണ്‍സും മദാൻഡെ 53 റണ്‍സും നേടി. ഗാംബിയയുടെ ബൗളർമാരെയെല്ലാം സിംബാബ്വെ ബാറ്റർമാർ അടിച്ചുപറത്തി. ഗാംബിയയുടെ മുസ ജോബർടെയുടെ നാല് ഓവറില്‍ 93 റണ്‍സാണ് സിംബാബ്വെ ബാറ്റർമാർ നേടിയത്.
കൂറ്റൻ സ്കോർ പിന്തുടർന്നിറങ്ങിയ ഗാംബിയ 54 റണ്‍സിന് ഓള്‍ഔട്ടായി. ആൻഡ്രെ ജർജുവിന് മാത്രമാണ് രണ്ടടക്കം കടക്കാനായത്. 12 റണ്‍സാണ് താരം നേടിയത്.