സിറാജും ബുംറയും എറിഞ്ഞിട്ടു; വെസ്റ്റ് ഇന്‍ഡീസ് 162 റണ്‍സിന് പുറത്ത്

ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കുറഞ്ഞ സ്കോറില്‍ പുറത്തായി വെസ്റ്റ് ഇന്‍ഡീസ്. ആദ്യ ഇന്നിങ്സില്‍ 44.1 ഓവറില്‍ 162 റണ്‍സിന് വെസ്റ്റ് ഇന്‍ഡീസ് ഓൾ ഔട്ടായി. പേസര്‍മാരായ മുഹമ്മദ് സിറാജും ബുംറയും ചേര്‍ന്നാണ് വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത്. മുഹമ്മദ് സിറാജ് 40 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റ് എടുത്തപ്പോള്‍, 42 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബുംറ മികച്ച പിന്തുണ നല്കി. കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി.
വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ റോസ്റ്റന്‍ ചേസ് (24), ഷായ് ഹോപ്(26), ജസ്റ്റിന് ഗ്രീവ്സ് (32) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. തകര്‍ച്ചയോടെയായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ തുടക്കം തന്നെ. 12 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യവിക്കറ്റ് നഷ്ടമായി. റോസ്റ്റന്‍ ചേസും ഷായ് ഹോപും ക്രീസില്‍ ഒരുമിച്ചെങ്കിലും അത് അധികനേരം നീണ്ടുനിന്നില്ല.
ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പേസര്‍മാരായ അല്‍സരി ജോസഫും ഷമാര്‍ ജോസഫും പരിക്കേറ്റു പുറത്തായത് വെസ്റ്റിന്‍ഡീസ് ടീമിനു തിരിച്ചടിയായി. 23 വയസ്സുകാരനായ ജെയ്ഡന്‍ സീല്സിനാണ് വിന്‍ഡീസ് പേസ് യൂണിറ്റിന്റെ ചുമതല. സൂപ്പര്‍ താരം ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, നിതീഷ് റെഡ്ഡി എന്നിവരാണ് ഇന്ത്യന്‍ നിരയിലെ പേസര്‍മാര്‍. മൂന്നു സ്പിന്നര്‍മാരുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്.