സ്റ്റാറായി സ്റ്റാര്‍ക്ക്; 24.75 കോടിക്ക് ഓസീസ് താരത്തെ സ്വന്തമാക്കി കോല്‍ക്കത്ത
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമെന്ന റിക്കാര്‍ഡ് സ്വന്തമാക്കി മിച്ചല്‍ സ്റ്റാര്‍ക്ക്. 24.75 കോടിക്കാണ് താരത്തിനെ കോല്‍ക്കത്ത പാളയത്തിലെത്തിച്ചത്.
ലേലത്തില്‍ സ്റ്റാര്‍ക്കിനായി ഗുജറാത്ത് ടൈറ്റൻസും രംഗത്തുണ്ടായിരുന്നു. 24.5 കോടി വരെ വിളിച്ച ഗുജറാത്ത് അവസാന ഘട്ടത്തില്‍ പിന്മാറുകയായിരുന്നു. നേരത്തെ ഓസീസ് നായകൻ പാറ്റ് കമ്മിൻസിനെ ഹൈദരാബാദ് 20.5 കോടിക്ക് സ്വന്തമാക്കിയിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കമ്മിൻസിനെ മറികടന്നു സ്റ്റാര്‍ക്ക് ഒന്നാമനായി.
ഐപിഎല്‍ താരലേലത്തില്‍ വെസ്റ്റ് ഇൻഡീസ് പേസര്‍ അല്‍സാരി ജോസഫും നേട്ടമുണ്ടാക്കി. 11.5 കോടിക്കാണ് താരത്തിനെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. ഒരു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി ലക്നൗ സൂപ്പര്‍ ജയന്റസും രംഗത്തുണ്ടായിരുന്നു. ഇന്ത്യയുടെ സീനിയര്‍ പേസര്‍ ഉമേഷ് യാദവ് 5.8 കോടിക്ക് ഗുജറാത്ത് ടൈറ്റൻസിലെത്തി. പേസര്‍ ശിവം മാവിയെ 6.4 കോടിക്ക് ലക്നോ സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പര്‍ ബാറ്ററും മുൻ മുംബൈ താരവുമായ ട്രിസ്റ്റൻ സ്റ്റബ്സിനെ 50 ലക്ഷം രുപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ കെ.എസ് ഭരതിനെ 50 ലക്ഷം രൂപയ്ക്ക് കോല്‍ക്കത്ത ടീമിലെത്തിച്ചു. ശ്രീലങ്കൻ പേസര്‍ മധുശങ്കയെ 4.6 കോടിക്ക് മുംബൈ സ്വന്തമാക്കി. ജയ്ദേവ് ഉനദ്കട്ടിനെ 1.6 കോടിക്ക് ഹൈദരാബാദ് വാങ്ങി.
ഓസ്ട്രേലിയൻ താരം ജോഷ് ഇംഗ്ലിസ്, ന്യൂസിലാൻഡ് പേസര്‍ ലോക്കി ഫെര്ഗൂസണ്, ശ്രീലങ്കൻ താരം കുശാല്‍ മെൻഡിസ് എന്നിവര്‍ അണ്‍സോള്‍ഡായി.